തിരുവനന്തപുരം; സഹപ്രവര്‍ത്തകയെയും കുടുംബത്തെയും രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം.
സദാചാരപൊലീസ് കളിച്ച രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് കയറിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ രാധാകൃഷ്ണന് ഒരു കുപ്പി ചാണകവെള്ളവും നല്കി.
തുടര്‍ന്ന് മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അറിയിച്ചു. നടപടി ഉണ്ടാകുമെന്ന് മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കേരളകൗമുദിയിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണന് അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് ഗുണ്ടായിസം കാട്ടിയത്. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലേ മാധ്യമ പ്രവര്‍ത്തകയെ അപഹസിച്ച് പ്രസ് ക്ലബ് അംഗങ്ങള്‍ക്ക് രാധാകൃഷ്ണന് മെയില്‍ അയച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്.ശനിയാഴ്ചയാണ് സഹപ്രവര്‍ത്തകയുടെ വീട്ടില്‍ ഇയാള്‍ അക്രമം നടത്തിയത്.