കുഞ്ഞുങ്ങള്‍ക്കായുള്ള ഉത്പന്നങ്ങളിലെ രാസവസ്തുക്കൾ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം
കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന പല ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി നേരത്തേ പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ശെരിവെയ്ക്കും വിധത്തിലാണ് മറ്റൊരു പഠനം കൂടി എത്തുന്നത്. യുഎസില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ‘എന്വിയോണ്മെന്റല് ഹെല്‍ത്ത് പെഴ്സ്പെക്ടീവ്സ്’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠന റിപ്പോർട്ട് ഉള്ളത്.
കുഞ്ഞുങ്ങള്‍ക്കുള്ള ഉത്പന്നങ്ങൾ കൂടാതെ, കാര്‍ സീറ്റുകള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്സ്, ബില്‍ഡിംഗ് മെറ്റീരിയലുകള്‍ എന്നിങ്ങനെ പല ഉത്പന്നങ്ങളിലും തീ പടരാതിരിക്കാനും ഇലാസ്റ്റിസിറ്റി വര്‍ധിപ്പിക്കുന്നതിനുമായി ചേര്‍ക്കുന്ന ‘ഓര്‍ഗാനോഫോസ്ഫേറ്റ് എസ്റ്റേര്‍സ്’ എന്ന രാസവസ്തുക്കളെ കുറിച്ചാണ് പഠനം.
ഇത് തലച്ചോറിനെ ക്രമേണ മോശമായി ബാധിക്കുമെന്നും പ്രത്യേകിച്ച് കുട്ടികളാണ് ഈ പ്രശ്നത്തിന് ഇരകളാകുന്നതെന്നുമാണ് പഠനത്തിന്റെ കണ്ടെത്തല്‍.
മാരകമായ രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നത്തില്‍ നിന്ന് ഇത് നമ്മുടെ കൈകളില്‍ പറ്റുകയും അത് ഭക്ഷണത്തിലൂടെയോ മറ്റോ ശരീരത്തിനകത്തേക്ക് എത്തുകയും ചെയ്യും. കുഞ്ഞുങ്ങൾ എപ്പോഴും കൈകള്‍ വായിലേക്ക് കൊണ്ടുപോകും, അതുകൊണ്ട് തന്നെ അവരെ സംബന്ധിച്ച് ഇത് ഗൗരവമേറിയതാണെന്നും പഠനം സ്ഥിരീകരിക്കുന്നു