ഒന്നര കിലോ കഞ്ചാവും ലക്ഷങ്ങൾ വിലവരുന്ന ആഡംബര ബൈക്കുകളുമായി യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ഒന്നര കിലോ കഞ്ചാവും ലക്ഷങ്ങൾ വിലവരുന്ന ആഡംബര ബൈക്കുകളുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂട്ടാളി ഓടി രക്ഷപ്പെട്ടു.എറിയാട് ഇല്ലിച്ചോട് മരോട്ടിക്കപറമ്പിൽ അൽഅമീനാണ് (24) പിടിയിലായത്. മേത്തല അഞ്ചപ്പാലം സ്വദേശി അജ്മലാണ് ഓടി രക്ഷപ്പെട്ടത്.
കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ ഷാം നാഥും പാർട്ടിയുമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘം എറിയാട് അബ്ദുല്ല റോഡ് പരിസരത്തെ വാടക വീട് വളയുന്നതിനിടെ അജ്മൽ ഓടി രക്ഷപ്പെടുകയായിരുന്നു. അൽഅമീൻ വീട്ടിനുളിൽ അകപ്പെട്ടു. നാട്ടുകാരുടെയും പഞ്ചായത്ത് മെംബർമാരുടെയും സാന്നിധ്യത്തിൽ വാതിൽ ബലംപ്രയോഗിച്ച് തുറന്നാണ് അകത്ത് കടന്ന് പ്രതിയെ കീഴ്പ്പെടുത്തിയത്. വീട് പരിശോധിച്ച എക്സൈസ് ഉദ്യോഗസ്ഥർ ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു.
കുറച്ച് കക്കൂസിൽ നശിപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നു. ചില്ലറ വിൽപനക്കായി കഞ്ചാവ് ചെറു പൊതികളാക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.ഇവർ വന്ന ബൈക്കുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ വീട്ടിൽ താമസിക്കുന്ന എടവിലങ് സ്വദേശി മണ്ണാംപറമ്പിൽ വീട്ടിൽ വിഷ്ണുവിെൻറ ഒത്താശയോടെ മൂന്നുപേരും കഞ്ചാവ് കൂട്ടുകച്ചവടം നടത്തി വരുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി പറഞ്ഞു.
റെയ്ഡ് സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന വിഷ്ണുവിെൻറയും ഓടി രക്ഷപ്പെട്ട അജ്മലിെൻറയും പേരിൽ കേസ് എടുത്തിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരായ പി.വി. ബെന്നി, കെ. ബാബു, ജീവേഷ്, കെ.എം. പ്രിൻസ്, ടി.കെ. അബ്ദുൽ നിയാസ്, അഫ്സൽ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.