നാടിനെ നടുക്കി കൊലപാതകം തുടർക്കഥ; മാങ്കുളം ഭീതിയില്‍
വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് ക്രിമിനല്‍ സംഘങ്ങൾ തമ്പടിക്കുന്നു
അടിമാലി: അക്രമവും കൊലപാതക സംഭവങ്ങളും പെരുകുന്ന മാങ്കുളത്ത് പ്രദേശവാസികൾ ഭീതിയില്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ആറുപേരാണ് ഇവിടെ െകാലചെയ്യപ്പെട്ടത്. വെള്ളിയാഴ്ച കര്ഷകന് വരിക്കയില്‍ റോയി കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.
ഹോട്ടല്‍ ജീവനക്കാരനെ സുഹൃത്ത് ചിവിട്ടി കൊലപ്പെടുത്തിയത്, മദ്യപാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് തലയിലൂടെ കത്തി കുത്തിയിറക്കി യുവാവിനെ കൊലപ്പെടുത്തിയത്, ആനക്കുളത്ത് മലഞ്ചരക്ക് വ്യാപാരി ഭാര്യയെ വെട്ടിക്കൊന്ന് ജീവനൊടുക്കിയത്, കോളിളക്കം സൃഷ്ടിച്ച പള്ളിക്കുടം സാബു വധക്കേസ്, കൂടെ താമസിച്ചിരുന്നയാൾ ആദിവാസി വീട്ടമ്മയെ കൊലപ്പെടുത്തി കുഞ്ഞിനെ നിലത്തടിച്ച് കൊല്ലാൻ ശ്രമിച്ചത് തുടങ്ങിയ സംഭവങ്ങൾ മാങ്കുളത്തുനിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുവൈത്ത് സിറ്റിയില്‍ മത്സ്യവ്യാപാരിയെ സംഘംചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയതുൾപ്പെടെ അക്രമ സംഭവങ്ങളും ദിവസവും ഇവിടെനിന്ന് കേൾക്കുന്നു. പള്ളിക്കുടം സാബു വധക്കേസിനുശേഷം മാങ്കുളത്ത് പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. കഞ്ചാവ്-ചാരായ മാഫിയകളുടെ പ്രധാന കേന്ദ്രമായി പഞ്ചായത്തിലെ പല മേഖലകളും മാറി. വനത്താല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട പ്രദേശമായതിനാൽ അധികൃതര്‍ ഇടപെടുന്നതിൽ ഉണ്ടാകുന്ന കാലതാമസമാണ് മേഖലയില്‍ ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ച്ചക്ക് കാരണം. മാങ്കുളത്ത് പൊലീസ് സ്റ്റേഷന് വന്നാല്‍ മാത്രമേ ഇവിടെ സമാധാന അന്തരീക്ഷം സ്ഥാപിക്കാനാകൂ എന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇടമലകുടി, ചിലന്തിയാര്‍ മേഖലകളിലെ ചിലയിടങ്ങളില്‍ ഇപ്പോഴും കഞ്ചാവ് കൃഷിയുണ്ട്. ഇവരെല്ലാം മാങ്കുളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കോതമംഗലം എക്സൈസ് സംഘം മാമാലക്കണ്ടത്ത് ബൈക്ക് യാത്ര സംഘത്തില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇത് കൊണ്ടുവന്നത് മാങ്കുളത്തുനിന്നാണെന്ന് പിടിയിലായവര്‍ പറഞ്ഞു. അടിമാലി നാര്‍കോട്ടിക് സംഘവും രണ്ടാംമൈല്‍ എക്സൈസ് സംഘവും ഈ വര്‍ഷം 20 കിലോയിലേറെ കഞ്ചാവും 100 ലിറ്ററിലേറെ ചാരായവും 2500 ലിറ്ററിലധികം വാഷും മാങ്കുളത്തുനിന്ന് പിടികൂടി. എന്നാല്‍, ഭൂരിഭാഗം കേസുകളിലും പ്രതികള്‍ ഇല്ല. പ്രതികള്‍ ഉൾവനങ്ങളില്‍ ഒളിക്കുന്നതായി പറയുന്നു.