കങ്ങഴയിലെ കൊലപാതകം: കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്
കറുകച്ചാൽ: കങ്ങഴ ഇടയപ്പാറയിൽ യുവാവിനെ വെട്ടിക്കൊന്ന ശേഷം കാൽപാദം വെട്ടി റോഡിലിട്ട സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പ്രതികളെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രണ്ടരയോടെയാണ് ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ മനേഷിനെ കാറിലെത്തിയ സംഘം മുണ്ടത്താനം ചെളിക്കുഴിയിലെ റബർതോട്ടത്തിലിട്ട് വെട്ടിക്കൊന്നത്. സംഭവശേഷം പ്രതികളായ ഇടയിരിക്കപ്പുഴ പുതുപ്പറമ്പിൽ ജയേഷ് (31), കുമരകം കവണാറ്റിൻകര സച്ചു (23) എന്നിവർ മണിമല സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.
വെള്ളിയാഴ്ച പ്രതികളെ സംഭവസ്ഥലതത്തെത്തിച്ച്് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ മൊഴിപ്രകാരം കൂടുതൽ ആളുകൾ പ്രതികൾക്കൊപ്പം എത്തിയിരുന്നതായാണ് വിവരം.
എന്നാൽ, ഇവരെപ്പറ്റി പ്രതികൾ കൃത്യമായി വിവരങ്ങൾ നൽകിയിട്ടില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.