ന്യൂ ദൽഹി : ശബരിമലയിലെ യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതിനാല്‍ നിലവിലെ വിധി അന്തിമല്ലെന്നായിരുന്നു എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച്ച പരിഗണിക്കുന്നതിന് വേണ്ടി മാറ്റിവെച്ചു. രഹ്ന ഫാത്തിയുടെ ഹര്‍ജിക്കൊപ്പമായിരിക്കും ബിന്ദു അമ്മിണിയുടെ ഹര്‍ജിയും പരിഗണിക്കുക. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം.
സ്ത്രീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കാന്‍ വിശാല ബെഞ്ചിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെങ്കിലും 2018 സെപ്റ്റംബറിലെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും അതിനാല്‍ ശബരിമലയില്‍ എത്തുന്ന എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നുമായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം.
രഹ്ന ഫാത്തിമ നല്കിയ അടുത്ത ആഴ്ച്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബുധനാഴ്ച്ച അറിയിച്ചിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പോലീസ് സുരക്ഷ നല്കാന് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കണമെന്നായിരുന്നു രഹ്നയുടേയും ആവശ്യം. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ വരും ദിനങ്ങളില്‍ ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.