സ്ത്രീധനത്തിനെതിരെ പൊതുസമൂഹം മുന്നോട്ടുവരണം- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മലപ്പുറം: സ്ത്രീധനത്തിൽ സമൂഹ മനോഗതി മാറണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ പൊതു സമൂഹം മുന്നോട്ട് വരണമെന്നും ഇതിനെതിരെ പൊതുജനാഭിപ്രായം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
ഭർതൃവീട്ടിൽ മകള്‍ക്ക് നേരിടേണ്ടി വന്ന സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ മലപ്പുറം മമ്പാടുള്ള മൂസക്കുട്ടിയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ്ഖാന്. മലപ്പുറത്ത് വിവിധ പരിപാടികളില്‍ പങ്കെടുത്ത ഗവര്‍ണര്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ അപ്രതീക്ഷിതമായാണ് മലപ്പുറത്തെ മുസക്കുട്ടിയുടെ വീട്ടിലെത്തിയത്. പിതാവിനെ കുറിച്ചും ഭര്‍ത്താവിന്റെ വീട്ടില്‍ നേരിടേണ്ടി വന്ന സാഹചര്യങ്ങളും വിശദീകരിച്ച മൂസക്കുട്ടിയുടെ മകള്‍ ഹിബ ഗവര്‍ണര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
മകളുടെ ഭര്‍ത്താവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന തെഞ്ചീരി സ്വദേശി കുറ്റിക്കാടൻ അബ്ദുള്‍ ഹമീദാണ് അറസ്റ്റിലായത്. മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നത് സഹിക്കാനാവാതെ പിതാവ് മൂസക്കുട്ടി രണ്ടാഴ്ച്ച മുമ്പ് തൂങ്ങി മരിച്ചിരുന്നു. മകളുടെ പീഡനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള വിഡിയോ ചിത്രീകരിച്ചതിനുശേഷമായിരുന്നു ആത്മഹത്യ.