ടെലഗ്രാം ഗ്രൂപ്പിൽ 100രൂപക്ക് പ്രവേശനം; കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപന നടത്തിയ 23കാരൻ അറസ്റ്റിൽ
ഹൈദരാബാദ്: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ 23കാരൻ അറസ്റ്റിൽ. സോഫ്റ്റ്വെയർ കമ്പനിയിലെ ജോലിക്കാരനായ വാങ്കല മധുകർ റെഡ്ഡിയാണ് അറസ്റ്റിലായത്.
തെലങ്കാന പൊലീസിന്റെ വനിത സുരക്ഷ സംഘത്തിലെ സൈബർ പട്രോളിങ് ടീമാണ് മധുകറിനെ പിടികൂടിയത്. കരീംനഗർ ജില്ലയിലെ നുസ്തുലപൂരിലെ വീട്ടിൽനിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു.
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തുവെന്ന പരാതി ലഭിച്ചതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. തുടർന്ന് തിമ്മാപൂരിലെ എൽ.എം.ഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അശ്ലീലചിത്രങ്ങൾ സ്ഥിരമായി കാണുന്ന വ്യക്തിയായിരുന്നു റെഡ്ഡി. ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽനിന്ന് അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്തായിരുന്നു വിൽപ്പന. ക്യൂആർ കോഡ് വഴി പണം വാങ്ങിയ ശേഷം ഇവർക്ക് വിഡിയോകൾ അയച്ചുനൽകും. പേരും വിലാസവും വെളിപ്പെടുത്താതെയായിരുന്നു വിൽപ്പന.
ടെലഗ്രാമിൽ ഒരു ഗ്രൂപ്പും ഇയാൾ തയാറാക്കിയിരുന്നു. 100 രൂപ പ്രവേശന ഫീസായി നൽകിയാൽ ഗ്രൂപ്പിൽ പ്രവേശനം നൽകും. ഇതുവഴി 1000ത്തിൽ അധികം വിഡിയോകൾ ഷെയർ ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.