പച്ചക്കറി വില കുതിക്കുന്നു ; സവാളയ്ക്കും തക്കാളിക്കും പൊള്ളുന്ന വില
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചക്കിടെ ഇരട്ടിയിലധികം വിലയാണ് വര്‍ധിച്ചത്. വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റത്തിന് കാരണമായതായി കാഞ്ഞങ്ങാട് നഗരത്തിലെ പച്ചക്കറി വ്യാപാരികള്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് 20 രൂപയായിരുന്ന സവാള വില മൊത്തവിപണിയില്‍ 38 കടന്നു. ചില്ലറ വിപണിയിലെത്തുമ്പോ ള്‍ 45ന് മുകളിലാണ് വില. തക്കാളിക്ക് ഒരാഴ്ച കൊണ്ട് 16 രൂപ കൂടി 32 ആയി. കടകളിലെത്തുമ്പോള്‍ നാല്‍പ്പത് മുതല്‍ 42 വരെയുണ്ട്. മുരിങ്ങക്കായുടെ വില ഇരുപത് രൂപയോളം കൂടി. പയറിനും ബീന്‍സിനും ക്യാരറ്റിനുമെല്ലാം വില കൂടിയിട്ടുണ്ട്. ഇതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയായി. പച്ചമുളകിനും വെള്ളരിക്കും മത്തങ്ങയ്ക്കുമൊക്കെയാണ് കാര്യമായി വില വര്‍ധിക്കാത്തത്. വരും ദിവസങ്ങളിൽ മറ്റു പച്ചക്കറികൾക്കും വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്.