കുടുംബവഴക്ക്; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
പിറവം: കുടുംബ വഴക്കിനെത്തുടർന്നു ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുളം നോർത്ത് കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബു(60)വിന്റെ ഭാര്യ ശാന്ത (55) ആണ് മരിച്ചത്. ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അർധരാത്രി 12-ഓടെ വീടിനുള്ളിൽവച്ചാണ് കഴുത്തിൽ ശാന്തയ്ക്ക് വെട്ടേറ്റത്. മൂന്ന് തവണ വെട്ടേറ്റിട്ടുണ്ട്. സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. കൊലപാതകത്തിനു ശേഷം ബാബു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷനിലെ ഫോൺ നമ്പർ അറിയില്ലാത്തതിനാൽ അയൽവാസിയെ വിളിച്ചെഴുന്നേൽപ്പിച്ച്, നമ്പർ ചോദിക്കുകയായിരുന്നു. ഈ വീട്ടിൽ നിന്നും ഫോൺ വിളിച്ച് പോലീസിനെ അറിയിച്ചപ്പോഴാണ്, അയൽവാസികൾ കൊലപാതക വിവരമറിയുന്നത്. ഉടനെ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പറയുന്നു. ഇയാൾ നേരത്തെ ചെത്തുതൊഴിലാളിയായിരുന്നു.
മൂന്ന് മക്കളാണ് ദമ്പതികൾക്ക്. രണ്ടുപേർ ദുബായിയിലാണ്.