ലക്നൗ: ലൈംഗീക അതിക്രമത്തെ അതിജീവിച്ച ഉന്നാവോ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ലക്നൗ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി നേരത്തെ പരാതി നല്‍കിയിരുന്നു. അഞ്ചുപേരാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്ന് പേരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം.
പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.ഈ വർഷം മാർച്ച് മാസത്തിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. ഇതേത്തുടർന്ന് ഉന്നാവ് പൊലീസിൽ പെൺകുട്ടി പ്രതികൾക്കെതിരെ പരാതി നൽകുകയും ചെയ്തു.
ഈ കേസിൽ കൃത്യമായ നടപടി പൊലീസ് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പ്രതികൾ ഒളിവിലാണെന്ന വാദം പറഞ്ഞ് കേസന്വേഷണം നീട്ടിക്കൊണ്ടുപോയി. ഇതിനിടെ തനിക്ക് ഭീഷണിയുണ്ടെന്നും, അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പറഞ്ഞ് പെൺകുട്ടി വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു.
അഞ്ചംഗ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതിൽ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ലഖ്നൗവിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ബേൺ വാർഡിൽ പ്രത്യേക ചികിത്സയിലാണ് പെൺകുട്ടി. ഒളിവിലായിരുന്ന പ്രതിയാണ് പെൺകുട്ടിയെ പട്ടാപ്പകൽ റോഡിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
”ഇന്ന് രാവിലെയാണ് ആക്രമണത്തിന്റെ വിവരങ്ങൾ കിട്ടിയത്. പൊള്ളലേറ്റ നിലയിലും ആക്രമിച്ചവരുടെ വിവരങ്ങൾ പെൺകുട്ടി തന്നിട്ടുണ്ട്. ഓരോരുത്തരെയും കണ്ടെത്താൻ പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കഴിഞ്ഞു. രണ്ട് പേർക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു”, എന്ന് ഉന്നാവിൽ നിന്നുള്ള മുതിർന്ന പൊലീസുദ്യോഗസ്ഥൻ വിക്രാന്ത് വീർ അറിയിച്ചു.
ഉന്നാവിൽ നിന്ന് തന്നെയുള്ള പെൺകുട്ടിയാണ് മുൻ ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സിംഗ് സെംഗാറിനെതിരെ ബലാത്സംഗക്കേസ് നൽകിയത്. പരാതിയിൽ സെംഗാർ അറസ്റ്റിലായെങ്കിലും ഇയാളുടെ ബന്ധുക്കളിൽ നിന്ന് പെൺകുട്ടിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നു. ഇതിനിടെയാണ് ബന്ധുവിന്റെ വീട്ടിൽ നിന്ന് മടങ്ങി വരും വഴി പെൺകുട്ടി സഞ്ചരിച്ച കാറിന് നേരെ ലോറി ഇടിക്കുന്നതും അതീവഗുരുതരാവസ്ഥയിൽ പെൺകുട്ടി ആശുപത്രിയിലാകുന്നതും. അന്ന് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിന് നേരെ രൂക്ഷവിമർശനമാണ് സുപ്രീംകോടതി ഉയർത്തിയത്.