ഇരുചക്രവാഹനത്തില്‍ കുടചൂടിയുള്ള യാത്ര നിരോധിച്ചുകുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കും
തിരുവനന്തപുരം:ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നിയമനടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കുടയുമായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് അപകടം വിളിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. മഴക്കാലത്തടക്കം പൊതുനിരത്തില്‍ കുടയുമായി വാഹനം ഓടിക്കുന്നവരുടെയും പിൻസീറ്റിൽ യാത്ര ചെയ്യുന്നവരുടെയും എണ്ണം സംസ്ഥാനത്ത് അനുദിനം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയില്‍ ഇത്തരം പ്രവണത സൂക്ഷ്മമായി നിരീക്ഷിക്കാനും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ടി.സി വിനേഷ് പുറത്തിറക്കിയ സർക്കുലറിൽ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കുടചൂടിയുള്ള യാത്രയുടെ അപകടത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
കുടപിടിച്ച് ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 (എഫ്) അനുസരിച്ച് ശിക്ഷാർഹവും 2017ലെ മോട്ടോർ വാഹന ഡ്രൈവിംഗ് നിയന്ത്രണങ്ങളിലെ 5(6), 5(17) എന്നിവയുടെ ലംഘനവുമാണ്. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 177 എ പ്രകാരം ശിക്ഷ നൽകാവുന്നതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. മഴയത്ത് ഇരുചക്ര വാഹനങ്ങളില്‍ പോകുമ്പോള്‍ പിന്നിലിരിക്കുന്നവര്‍ കുടചൂടി പോകുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തില്‍ കുട പിടിച്ച് യാത്ര ചെയ്യുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഇതിനെതിരെ ബോധവത്കരണവുമായി സംസ്ഥാന മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നേരത്തെ രംഗത്ത് വന്നിരുന്നു . യാത്രയ്ക്കിടെ കുട നിവര്ത്തുമ്പോള് ഉണ്ടാകുന്ന പാരച്യൂട്ട് ഇഫ്ക്ട് അങ്ങേയറ്റം അപകടകരമാണെന്നും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓര്‍മപ്പെടുത്തുന്നു.