അദ്ധ്യാപകരെ പട്ടാപകൽ സ്കൂളിനുള്ളിൽ കയറി വെടിവച്ചുകൊന്നു, കാശ്മീരിൽ രണ്ട് ദിവസത്തിനുള്ളിൽ തീവ്രവാദികൾ നടത്തുന്ന അഞ്ചാമത്തെ കൊലപാതകം
ശ്രീനഗർ: ജമ്മു കാശ്മീരിൽ മൂന്ന് നാട്ടുകാരെ വെടിവച്ച് കൊന്ന് 48 മണിക്കൂർ കഴിയുന്നതിനു മുമ്പ് വനിതാ സ്കൂൾ പ്രിൻസിപ്പാൾ അടക്കം രണ്ട് അദ്ധ്യാപകരെ ഭീകരർ വകവരുത്തി. സുഖ്വീന്ദർ കൗർ എന്ന സ്കൂൾ പ്രിൻസിപ്പാളിനെയും ദീപക് ചന്ദ് എന്ന അദ്ധ്യാപകനെയുമാണ് കൊലപ്പെടുത്തിയത്. സ്കൂളിൽ അദ്ധ്യാപക യോഗം നടക്കുന്നതിനിടെ എത്തിയ ഭീകരർ ഇരുവരെയും തിരഞ്ഞുപിടിച്ച് സ്കൂൾ കോംപൗണ്ടിലേക്ക് മാറ്റിയശേഷം കൊലപ്പെടുത്തുകയായിരുന്നു. സുഖ്വീന്ദർ കൗർ സിഖ് വംശജയും ദീപക് ചന്ദ് കാശ്മീരി പണ്ഡിറ്റുമാണ്.ഇന്ന് രാവിലെ 11.15ന് ശ്രീനഗറിലെ സംഗം സഫയിലെ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഭീകരർക്കു വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. പിഡിപി, നാഷണൽ കോൺഫറൻസ് നേതാക്കൾ അക്രമത്തെ അപലപിച്ചു.ചൊവ്വാഴ്ച ശ്രീനഗറിലെ പ്രമുഖ വ്യവസായിയും കാശ്മീരി പണ്ഡിറ്റുമായ മഖന്‍ ലാല്‍ ബിന്ദ്രു (70)വിനെ മരുന്നുകടയ്ക്കുള്ളില് കയറി ഭീകരര്‍ വകവരുത്തിയിരുന്നു. ഇന്നലെ തന്നെ ശ്രീനഗറില്‍ തെരുവ് കച്ചവടം നടത്തിയിരുന്ന മറ്റൊരാളെയും ബന്ദിപോറയില്‍ ഒരു നാട്ടുകാരനെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.