ചാലക്കുടിയിൽ 181 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ മാരുതി സ്വിഫ്റ്റ് കാറിലാണ് പ്രതികൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്
ചാലക്കുടി: ചാലക്കുടിയിൽ പോട്ട ദേശീയ പാതയിൽ 181 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. എറണാകുളം കുമ്പളം മാടവന കൊല്ലംപറമ്പിൽ വീട്ടിൽ സനൂപ് (23), കളമശ്ശേരി തായിക്കാട്ടുകര ചെറുപറമ്പിൽ വീട്ടിലെ സാദിഖ് (27), കുമ്പളം മാടവനപട്ടത്താനം വീട്ടിൽ വിഷ്ണു (25) എന്നിവരാണ് പിടിയിലായത്.
മാരുതി സ്വിഫ്റ്റ് കാറിലാണ് പ്രതികൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. വാഹനം ചാലക്കുടി പോട്ടയിൽ എത്തിയപ്പോൾ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഡി.എ.എൻ.എസ്.എ.എഫ് ടീമും ചാലക്കുടി പൊലീസ് സംഘവും ചേർന്ന് പിടികൂടുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ് തുടങ്ങിയ ലഹരിസാധനങ്ങൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി എ. അക്ബർ പ്രത്യേക നിർദേശം നൽകിയിരുന്നു. തുടർച്ചയായ നിരീക്ഷണത്തിന് ശേഷം സംശയമുള്ള വാഹനങ്ങൾ നിരന്തരമായി പരിശോധിച്ചാണ് കഞ്ചാവ് കൊണ്ടുവരുന്ന വാഹനങ്ങൾ മനസിലായത്.
പിടികൂടിയ കഞ്ചാവ് ആന്ധ്രാ പ്രദേശിൽ നിന്നും കേരളത്തിൽ എറണാകുളം ജില്ലയിലേക്ക് മൊത്തവിതരണത്തിന് വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്.
തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സി. ഷാജ് ജോസ്, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, ചാലക്കുടി എസ്.എച്ച്. കെ എസ്.സന്ദീപ്, കൊരട്ടി ഐ.എസ്.എച്ച്.ഒ ബി.കെ. അരുൺ, തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി, ചാലക്കുടി എസ്.ഐ എം.എസ്. സാജൻ, ഡി.എ.എൻ.എസ്.എ.ഫ് ടീം അംഗങ്ങളായ എ.എസ്.ഐ പി.പി. ജയകൃഷ്ണൻ, സി.എ.ജോബ്, ജി.എസ്.സി.പി.ഒ മാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, സി.പി.ഒ ഷറഫുദ്ദീൻ, മാനുവൽ, കൊരട്ടി പൊലീസ് സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒമാരായ സജീഷ്, ജിബിൻ, തൃശൂർ റൂറൽ സൈബർ സെൽ ഉദ്യോഗസ്ഥനായ പ്രജിത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചാലക്കുടി സ്റ്റേഷൻ എസ്.ഐമാരായ സജി വർഗീസ്, ഡേവിസ്, എ.എസ്.ഐമാരായ ഷിബു, എം.എസ്. രാജൻ, ജി.എസ്.സി.പി.ഒമാരായ പ്രശാന്ത്, അഭിലാഷ്, സി.പി.ഒമാരായ അലി, രൂപേഷ്, നിഖിൽ, മാനുവൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.