മുഖ്യമന്ത്രിയുടെ ഓഫിസ് കനിഞ്ഞു; ചോർന്നൊലിക്കാത്ത കൂരയിൽ അഞ്ജലിക്കും അഞ്ജനക്കും ഇനി പഠിക്കാം
റാന്നി: മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനാൽ ചോർന്നൊലിക്കാത്ത കൂരക്ക് കീഴിൽ അഞ്ജലിക്കും അഞ്ജനക്കും ഇനി പഠനം തുടരാം. കൊടുങ്കാറ്റിൽ മരം കടപുഴകി വീട് തകർന്ന വലിയകാവ് ഓലിക്കൽ കലായിൽ ഉഷാകുമാരിക്ക് നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട കലക്ടർ ഉത്തരവായി. ശക്തമായ കാറ്റിൽ ഉഷാകുമാരിയുടെ വീടിന് മുന്നിൽനിന്ന മരം ഒടിഞ്ഞുവീഴുകയായിരുന്നു. മുൻഭാഗത്തെ മേൽക്കൂര തകർന്ന വീടിന് മുകളിൽ ടാർപോളിൻ കെട്ടി ഭാഗികമായി ചോർച്ച ഒഴിവാക്കിയാണ് അഞ്ചുമാസമായി ഉഷാകുമാരിയും ഭർത്താവ് രാജപ്പനും മക്കളായ അഞ്ജലിയും അഞ്ജനയും കഴിയുന്നത്.
സംഭവം നടന്ന അടുത്തദിവസം തന്നെ ഉഷാകുമാരി റാന്നി-അങ്ങാടി വില്ലേജ് ഓഫിസിൽ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയിരുന്നു. പിന്നീട് റാന്നി താലൂക്ക് ഓഫിസ്, കലക്ടറേറ്റ് എന്നിവിടങ്ങളിൽ പലതവണ കയറിയിറങ്ങിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല.
പിന്നീടാണ് ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. സതീഷ്കുമാറിെൻറ സഹായത്തോടെ മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയത്. അവിടന്നുള്ള നിർദേശത്തെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട ജില്ല കലക്ടർ വിദ്യ എസ്.അയ്യർ ഉഷാകുമാരിക്ക് നഷ്ടപരിഹാര തുക അനുവദിച്ച് ഉത്തരവായി. കലക്ടറുടെ ഉത്തരവ് ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. സതീഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. സുജ ബിനോയി വലിയകാവ് വാർഡ് വികസനസമിതി അംഗങ്ങളായ ജോൺ മാന്താനത്ത്, ഇ.ടി. കുഞ്ഞുമോൻ എന്നിവർ ചേർന്ന് ഉഷാകുമാരിക്ക് കൈമാറി.