പയ്യാവൂരിൽ കാർ മറിഞ്ഞ് യുവതി മരിച്ചു; ഭർത്താവിനും കുഞ്ഞിനും പരിക്ക്
ശ്രീകണ്ഠപുരം: മലയോര ഹൈവേയിൽ പയ്യാവൂർ പൊന്നുംപറമ്പിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. ഭർത്താവിനും കുട്ടിക്കും സാരമായി പരിക്കേറ്റു. കുടിയാന്മലയിലെ വാളിപ്ലാക്കൽ വിനീഷിെൻറ ഭാര്യ സോജിയാണ് (31) മരിച്ചത്.
പരിക്കേറ്റ ഭർത്താവ് വിനീഷ് (40), മകൾ ബിനീറ്റ (അഞ്ച്) എന്നിവരെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഇരിട്ടി കോളിക്കടവിലെ സോജിയുടെ വീട്ടിലും ബന്ധുവീട്ടിൽ കല്യാണത്തിനും പോയി കുടിയാന്മലയിലെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ പൊന്നുംപറമ്പിൽ നിയന്ത്രണംവിട്ട് മറിഞ്ഞത്. വിനീഷായിരുന്നു കാർ ഓടിച്ചത്. റോഡരികിലെ മരത്തിലിടിച്ചാണ് കാർ മറിഞ്ഞത്. മരംമുറിഞ്ഞ് റോഡിലേക്ക് വീഴുകയും ചെയ്തു.
ഓടിയെത്തിയ നാട്ടുകാർ മൂവരെയും വണ്ടിയിൽ നിന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സോജി മരിച്ചു. ഇരിട്ടി കോളിക്കടവിലെ മൂഴിക്കുന്നേൽ ജോസഫ് – ഗ്രേസി ദമ്പതികളുടെ മകളാണ് സോജി. മകൻ: ബിൻസോ. സഹോദരങ്ങൾ: ബിജു, ബിൻസി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കുടിയാന്മല ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.
വീടണയും മുമ്പേ വന്നെത്തിയ ദുരന്തം…
ശ്രീകണ്ഠപുരം: മലയോര ഹൈവേയിൽ പയ്യാവൂർ പൊന്നുംപറമ്പിലുണ്ടായ അപകടത്തിൽ വിറങ്ങലിച്ച് നാട്. ഇരിട്ടി കോളിക്കടവിലെ വീട്ടിൽ പോയി ഭർതൃവീട്ടിലെത്താൻ ചെറിയ സമയം ബാക്കിനിൽക്കെയാണ് കാർ മറിഞ്ഞ് ഭർതൃമതിയുടെ ജീവൻ പൊലിഞ്ഞത്.
കുടിയാന്മലയിലെ വാളിപ്ലാക്കൽ വിനീഷിെൻറ ഭാര്യ സോജി വിനീഷ് (31) ആണ് തൽക്ഷണം മരിച്ചത്. സാരമായി പരിക്കേറ്റ ഭർത്താവ് വിനീഷ് (40), മകൾ ബിനീറ്റ (അഞ്ച്) എന്നിവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകീട്ടാണ് അപകടം. നിമിഷ നേരംകൊണ്ട് വിനീഷ് ഓടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ ചെറിയ മരത്തിലിടിക്കുകയായിരുന്നു. മരം അടിഭാഗം മുറിഞ്ഞ് റോഡിലേക്ക് പതിച്ചതിനുപിന്നാലെ കാർ അടിമറിഞ്ഞാണ് നിന്നത്. സമീപത്തെ കടകളിലെയും വർക്ഷോപ്പിലെയും ആളുകൾ ഓടിയെത്തുമ്പോൾ മൂവരും കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ആളുകൾ ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പയ്യാവൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സോജിയെ മരണം കീഴടക്കിയിരുന്നു. കാറിെൻറ മുൻഭാഗത്തെ ചില്ലടക്കം തകർന്നിരുന്നു. പയ്യാവൂരിൽനിന്ന് ചെറിയ ദൂരം കൂടി സഞ്ചരിച്ചാൽ കുടിയാൻമലയിലെ വീട്ടിലെത്തുമെങ്കിലും അതിനിടയിൽ ദുരന്തം വന്നെത്തിയത് നാടിനെ കണ്ണീരിലാഴ്ത്തി.