നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിക്കറിയാം; പ്രതിപക്ഷ നേതാവിന് അന്‍വറിന്റെ മറുപടി
തിരുവനന്തപുരം: നിയമസഭയിൽ എപ്പോൾ വരണമെന്ന് തനിക്കറിയാമെന്ന് നിലന്പൂർ എംഎൽഎ പി.വി. അൻവർ. നിയമസഭയിൽ അൻവറിന്റെ അസാന്നിധ്യം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയായാണ് അൻവറിന്റെ പ്രതികരണം.
ധാർമികതയെക്കുറിച്ച് തന്നെ പഠിപ്പിക്കേണ്ട. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണമെന്ന് തനിക്കറിയാം. ജനങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ജനങ്ങളുടെ ബാധ്യത നിറവേറ്റുന്നുണ്ട്. ഇക്കാര്യത്തിൽ സതീശന്റെ ഉപദേശം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം.
താങ്കളുടെ നേതാവായ രാഹുൽ ഗാന്ധി എവിടെയാണ്. രാഹുൽ ഇന്ത്യ വിട്ടുപോകുന്പോൾ അദ്ദേഹം എവിടെ ആണെന്ന് ആർക്കും അറിയില്ല. അത്തരത്തിലുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കൾ. വയനാട്ടിൽനിന്നും വിജയിച്ചുപോയ അദ്ദേഹം കേരളത്തിൽ എപ്പോളാണ് വരാറുള്ളത്. വയനാടുമായി അദ്ദേഹത്തിന്റെ ബന്ധം എന്താണെന്നും അൻവർ ചോദിച്ചു.
നിയമസഭയുടെ മൂന്നാം സമ്മേളനത്തിലും അൻവർ ഹാജരാകാത്തതിൽ മുഖ്യമന്ത്രിയും ഇടതുമുന്നണിയും നിലപാട് വ്യക്തമാക്കണമെന്ന് സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധിയായി ഇരിക്കാൻ അൻവറിന് താൽപര്യമില്ലെങ്കിൽ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലും ഹാജരാകാതെ വ്യവസായ ആവശ്യങ്ങൾക്കായി വിദേശത്തേക്കു പോയ അൻവറിന്റെ നിലപാട് ഏറെ വിമർശനവിധേയമായിരുന്നു. അവധി അപേക്ഷ നൽകാതെയാണു പി.വി. അൻവർ ഹാജരാകാതിരിക്കുന്നത്.
60 ദിവസം നിയമസഭയിൽ ഹാജരാകാതിരുന്നാൽ അംഗം അയോഗ്യനാക്കപ്പെടുമെന്ന് ഭരണഘടനയുടെ അനുച്ഛേദത്തിൽ പറയുന്നുണ്ട്. എന്നാൽ, അപേക്ഷ നൽകി അവധിയിൽ പ്രവേശിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാനാകില്ല.
15-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ 12 ദിവസവും രണ്ടാം സമ്മേളനത്തിൽ 29 ദിവസവും നിയമസഭ ചേർന്നിരുന്നു. ആദ്യസമ്മേളനത്തിൽ അഞ്ചു ദിവസം മാത്രമാണ് അൻവർ ഹാജരായത്. രണ്ടാം സമ്മേളനത്തിൽ ഒരു ദിവസം പോലും ഹാജരായില്ല.
വിവാദമായപ്പോൾ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഖനന ബിസിനസുമായി ബന്ധപ്പെട്ടു പോയിരിക്കുകയാണെന്നായിരുന്നു അന്നു മറുപടി നൽകിയത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് അൻവർ 38 ദിവസം ഹാജരായിട്ടില്ല