കാടാമ്പുഴ ഇരട്ടക്കൊല: പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം അധികതടവും
മലപ്പുറം: കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന് മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരെയാണ് മാനഹാനി ഭയന്ന് മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. 2017 ജൂണിലായിരുന്നു സംഭവം.
കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഗര്‍ഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ദൃക്സാക്ഷികളില്ലാത്ത കേസില്‍ കല്‍പ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിര്‍ണായകമായത്.
കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ അടുപ്പത്തിലായി. ഉമ്മുസല്‍മ ഗര്‍ഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയുംചെയ്തു. ഇതോടെ ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ രഹസ്യബന്ധം പുറത്തറിയാതിരിക്കാന്‍ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു.
വളാഞ്ചേരി സി.ഐ. കെ.എ. സുലൈമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി. വാസുവാണ് ഹാജരായത്.
കോടതിയുടെ ശിക്ഷാവിധി സ്വാഗതാര്‍ഹമാണെന്നും പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷയാണ് ലഭിച്ചതെന്നും പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. പൈശാചികമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും നിയമവ്യവസ്ഥയുടെ ശക്തി തെളിയിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നതും അദ്ദേഹം പറഞ്ഞു.
പത്തുമാസം ഗര്‍ഭിണിയായ ഉമ്മുസല്‍മയെ കൊന്നത് കഴുത്ത് ഞെരിച്ച്, മകനെയും വെറുതെവിട്ടില്ല…
പത്തുമാസം ഗര്‍ഭിണിയായ ഉമ്മുസല്‍മയെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. കണ്ടുനിന്ന മകന് ദില്ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. കൊലപാതകത്തിനിടെ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയുംചെയ്തു. ദിവസങ്ങള്‍ക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണവിവരം അറിഞ്ഞിട്ടും വീട്ടില്‍ നിത്യസന്ദര്‍ശകനായ ഷരീഫിന് പരാതിയൊന്നുമുണ്ടായില്ല. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മരണം ആത്മഹത്യയാണെന്നു വരുത്താന്‍ ഇയാള്‍ ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയായിരുന്നുവെന്ന് ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞു. കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ താക്കോലും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
പ്രതിയുടെ ആത്മഹത്യാശ്രമം…
കേസില്‍ ശിക്ഷ വിധിക്കുന്ന ദിവസം പ്രതി മുഹമ്മദ് ഷരീഫ് പാലക്കാട്ടെ ജയിലില്‍വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ചാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജയില്‍ അധികൃതര്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.