‘ഈ ഗതിക്ക് കാരണം അജിത്ത്’: തമിഴ് നടന്അജിത്തിന്റെ വീടിന് മുന്നിലെത്തി യുവതിയുടെ
ആത്മഹത്യാശ്രമം
ചെന്നൈ: തമിഴ് സൂപ്പർ താരം അജിത്തിന്റെ വീടിനു മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവതി. തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.
ഫർസാന എന്ന നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഫർസാന, ഒരിക്കൽ അജിത്തും ശാലിനിയും അവിടെ വന്നപ്പോൾ അവർക്കൊപ്പം വിഡിയോ എടുക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വിഡിയോ വൈറലായതോടെ ജോലി സ്ഥലത്തെ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച് ഫർസാനയെ ആശുപത്രി അധികൃതർ പുറത്താക്കി. തുടർന്ന് ഫർസാന ശാലിനിയെ സമീപിച്ച് സഹായം അഭ്യർഥിച്ചിരുന്നുവെന്നും എന്നാൽ ഫലമുണ്ടായില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് മറ്റൊരു സ്ത്രീക്കൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. താരത്തിന്റെ വീടിന് സുരക്ഷ നൽകുന്ന പൊലീസുകാർ ഇവരെ തടഞ്ഞു. ഫർസാനയെ സമാധാനിപ്പിക്കുകയും തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്റെ ജോലി നഷ്ടപ്പെടാൻ കാരണം അജിത്താണെന്നും അജിത്തിനെ കാണണമെന്നും പറഞ്ഞ് ഇവർ കരയാൻ തുടങ്ങി. പിന്നെ ശരീരത്തിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ഉടൻ വെള്ളമൊഴിച്ച് തീയണയ്ക്കുകയും ഫർസാനയെ സമാധാനിപ്പിക്കുകയും ചെയ്തു. ഫർസാനയെ അറസ്റ്റ് ചെയ്തു നീക്കിയ പൊലീസ് പിന്നീട് കൗൺസിലിങ് വിട്ടയച്ചു. ഇവർക്കെതിരെ കേസ് എടുത്തിട്ടില്ല.