ഉപയോഗിക്കാത്ത പഴയ ടാങ്കിൽ വെള്ളം നിറയുന്നു, ഒപ്പം ചോർച്ചയും; ജനങ്ങൾക്ക് ആശങ്ക
അരൂർ: എഴുപുന്ന ശ്രീനാരായണപുരത്ത് സ്ഥിതിചെയ്യുന്ന പഴയ വാട്ടർ ടാങ്കിൽ വെള്ളം നിറയുന്നത് പരിഭ്രാന്തി പരത്തുന്നു. ജപ്പാൻ കുടിവെള്ള വിതരണ പദ്ധതി നിലവിൽ വന്നപ്പോൾ എഴുപുന്നയിലെ കുമാരപുരം ക്ഷേത്രത്തിനു സമീപം പുതുതായി നിർമ്മിച്ച വാട്ടർടാങ്കിൽ നിന്നാണ് ജല വിതരണം നടത്തുന്നത്. ശ്രീനാരായണപുരത്തുള്ള പഴയ വാട്ടർ ടാങ്ക് ഇപ്പോൾ ഉപയോഗിക്കുന്നില്ല.
എന്നാൽ, ജപ്പാൻ കുടിവെള്ള പദ്ധതിക്കായി പമ്പു ചെയ്യുന്ന സമയത്ത് പഴയ വാട്ടർ ടാങ്കിലേക്ക് വെള്ളം കയറുന്നതാണ് ജനങ്ങളിൽ ആശങ്ക വളർത്തുന്നത്. ഉപയോഗശൂന്യമായ പഴയ വാട്ടർ ടാങ്ക് പഴകി ദ്രവിച്ചതാണ്. ടാങ്കിന് ചോർച്ചയുള്ളതുപോലെ വെള്ളം പുറത്തേക്കൊഴുകിയപ്പോഴാണ് ടാങ്കിൽ വെള്ളം കയറുന്നുണ്ടെന്ന് നാട്ടുകാർ അറിഞ്ഞത്.
ജപ്പാൻ കുടിവെള്ള പദ്ധതി വിതരണ അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും വന്ന് അന്വേഷിക്കുവാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. എന്തു കൊണ്ടായാലും ലിറ്റർ കണക്കിന് കുടിവെള്ളം പാഴായിപ്പോകുന്നത് അവസാനിപ്പിക്കണമെന്ന് നാട്ടുകാർ പറയുന്നു.