എറണാകുളത്ത് മതിലിടിഞ്ഞ് ഒരാൾ മരിച്ചു, അപകടത്തിൽ പെട്ടത് മൂന്ന് തൊഴിലാളികൾ
കൊച്ചി: കലൂരിൽ മതിലിടിഞ്ഞുവീണ് ആന്ധ്രാ സ്വദേശിയായ തൊഴിലാളി മരിച്ചു. അന്ധ്രാ ചിറ്റൂർ സ്വദേശി ധൻപാലാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേരാണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. ശേഷിക്കുന്ന ആളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഇന്ന് ഉച്ചയോടെ കലൂർ ഷേണായീസ് ക്രോസ് റോഡിലായിരുന്നു അപകടം. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി കാന വൃത്തിയാക്കുന്നതിനായി മതിലിനോട് ചേർന്ന് ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. കാന വൃത്തിയാക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന മതിൽ തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. ഉടൻ സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ആദ്യം രണ്ടുപേരാണ് അപകടത്തിൽ പെട്ടതെന്നാണ് കരുതിയത്. പിന്നീടാണ് ഉളളിൽ കുടുങ്ങിയ നിലയിൽ മൂന്നാമനെ കണ്ടെത്തിയത്.