ഇന്ധന പാചകവാതക വില വര്‍ധനവിനു പിന്നാലെ കുതിച്ചുയര്‍ന്ന് സിമന്റ് വില വെറും 2 ദിവസം, കൂടിയത് 125 രൂപ
തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലയും പാചകവാതക വിലയും കുതിച്ചുയരുന്നതിനിടെ ജനത്തിന്റെ നട്ടെല്ലാടിക്കാൻ തീരുമാനിച്ചു സിമന്റ് ലോകവും. റോക്കറ്റ് പോലെ കുതിക്കുകയാണ് സിമന്റ് വില. ഇതിനെ നിയന്ത്രിക്കാൻ യാതൊരു സംവിധാനം ഇല്ലാത്തതുപോലെയാണ് സിമന്റിന്റെ വിലക്കയറ്റം.
കോവിഡ് പ്രതിസന്ധികളിൽനിന്നു നിർമാണ മേഖല തിരിച്ചുവരുന്നതിനിടെ, ജനങ്ങളെ ദുരിതത്തിലാക്കിയാണ് സംസ്ഥാനത്ത് സിമന്റിന്റെ വില കുതിക്കുന്നത്. രണ്ടു ദിവസത്തിനിടെ മാത്രം ചാക്കിനു 125 രൂപയോളമാണ് വില കൂട്ടിയത്.
ഇന്ധന വിലക്കയറ്റവും അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവുമാണ് വില കൂടാൻ കാരണമെന്നാണ് സിമന്റ് കന്പനികളുടെ വാദം. എന്നാൽ, കന്പനികൾ അന്യായമായി വില കൂട്ടുകയാണെന്നു വ്യാപാരികളും കുറ്റപ്പെടുത്തുന്നു.
കോവിഡ് പ്രതിസന്ധി തുടങ്ങുന്നതിനു മുന്‍പ് ഒരു ചാക്ക് സിമന്റിനു 390 രൂപ വരെയായിരുന്നു പരമാവധി വില. മാസങ്ങൾ പിന്നിട്ടതോടെ ഇത് 440 രൂപയായി. കന്പനികൾ വ്യാപാരികൾക്കു നൽകുന്ന ഇളവുകൾ കുറച്ച് ചാക്കിനു 400 രൂപ വരെയുള്ള നിരക്കിലായിരുന്നു വ്യാപാരികൾ ഇതുവരെ വിറ്റിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഇത് 525 രൂപയായി വർധിക്കുകയായിരുന്നു.
നിലവിലുള്ള സ്റ്റോക്ക് പഴയ വിലയ്ക്കുതന്നെ വിൽക്കാനാകുമെങ്കിലും രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ പുതിയ വിലയ്ക്കു തന്നെ വിൽക്കേണ്ട അവസ്ഥയിലാണെന്നു വ്യാപാരികൾ പറയുന്നു. സിമന്റിനു തോന്നുന്ന വിധത്തിൽ വില നിർണയിക്കാൻ സ്വകാര്യ കന്പനികൾക്ക് കഴിയുമെന്നതിനാലാണ് ഇത്തരത്തിൽ വിലക്കയറ്റം രൂക്ഷമാകുന്നത്.
സ്വകാര്യ കന്പനികൾ വില കൂട്ടുന്നതിന് അനുസരിച്ച് മലബാർ സിമന്റ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക് വേണ്ട രീതിയിൽ വിപണിയിൽ ഇടപെടാൻ കഴിയുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
വൻകിട കന്പനികളുടെ കുത്തകയായി സിമന്റ് മേഖല തുടരുന്നതിനാൽ വില തീരുമാനവും അവരുടെ നിയന്ത്രണത്തിലാണ്. അതിനാൽ വില നിയന്ത്രിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കരാറുകാരും വ്യാപാരികളും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും വ്യാപാരികൾ പരാതി നൽകിയിട്ടുണ്ട്.