മോഷ്ടിച്ച കാറില്‍ കടത്തിയ 43 കിലോ കഞ്ചാവ് പിടികൂടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നു കാറില്‍ സൂക്ഷിച്ചിരുന്ന 43 കിലോ കഞ്ചാവ് പിടികൂടി. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
വാഹനം വാടകയ്ക്ക് എടുത്ത ശേഷം ഉടമ അറിയാതെ മറ്റൊരാള്‍ക്ക് വലിയ തുകയ്ക്ക് പണയം കൊടുക്കുന്ന സംഘമാണ് കഞ്ചാവ് കടത്തലിന് പിന്നിലെന്നാണു വിവരം. തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്കാണു സംഭവം. അപ്രതീക്ഷിതമായി വാഹനം കണ്ട യഥാര്‍ഥ ഉടമ കാറിനെ പിന്തുടര്ന്നെത്തി തൊടുപുഴ പോലീസിന് വിവരം കൈമാറുകയായിരുന്നു. പിടികൂടിയ വാഹനം പരിശോധിച്ചപ്പോഴാണു കഞ്ചാവ് കണ്ടെത്തിയത്. പോലീസിനെ കണ്ട പ്രതി വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എറണാകുളം എളമക്കര സ്റ്റേഷനില്‍ ഈ കാര്‍ കാണാതെ പോയതുമായി ബന്ധപ്പെട്ടു കേസുണ്ട്. സംഭവത്തില്‍ തൊടുപുഴ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മേഖലയില്‍ കഞ്ചാവ് വില്പന നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. പ്രതി തൊടുപുഴ സ്വദേശിയാണെന്നും ഉടന്‍ തന്നെ പിടിയിലാകുമെന്നും എസ്.എച്ച്.ഒ: വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. എസ്.എച്ച്.ഒ: വിഷ്ണു, എസ്.ഐ: ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.