ഭര്തൃസഹോദരന് ഡീസല്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു ഭര്തൃസഹോദരന് അറസ്റ്റില്‍
തിരുവനന്തപുരം: ഭർതൃസഹോദരൻ ഡീസൽ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃന്ദയാണ് കഴിഞ്ഞ രാത്രി മരണത്തിന് കീഴടങ്ങിയത്.
70 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. യുവതിയെ തീകൊളുത്തിയ സുബിൻലാലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് പ്രതി യുവതിയെ തീകൊളുത്തിയത്. ഭർത്താവുമായി പിണങ്ങി എട്ട് മാസത്തോളമായി യുവതി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
യുവതി ജോലി ചെയ്തിരുന്ന തയ്യൽ കടയിൽ എത്തിയായിരുന്നു പ്രതിയുടെ ആക്രമണം. ഡീസൽ ശരീരത്തേക്ക് ഒഴിച്ചതോടെ യുവതി ഓടി രക്ഷപെടാൻ ശ്രമിച്ചു. പുറകെ ഓടിയ പ്രതി പന്തം കൊളുത്തി വൃന്ദയ്ക്ക് നേരെ എറിയുകയായിരുന്നു.
സംഭവത്തിന് ശേഷം സുബിൻ ലാലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് ഇയാൾ വിഷം കഴിച്ചുവെന്ന സംശയത്താൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.