മകള്‍ക്കെതിരായ സ്ത്രീധനപീഡനത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യചെയ്ത
സംഭവം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം: മലപ്പുറം മമ്പാട്ട് സ്ത്രീധന പീഡനക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്കെതിരായുള്ള നിരന്തര പീഡനത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. മകളുടെ ഭര്‍ത്താവ് ഉറങ്ങാട്ടിരി സ്വദേശി അബ്ദുള്‍ ഹമീദാണ് അറസ്റ്റിലായത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. എസ്പിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മകളെ നിരന്തരമായി സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്താണ് യുവതിയുടെ പിതാവ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞമാസം 23-നാണ് സംഭവം. തന്റെ സങ്കടം വീഡിയോയില്‍ ചിത്രീകരിച്ചതിന് പിന്നാലെയായിരുന്നു വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചത്.
മൂസക്കുട്ടിയുടെ മകള്‍ ഹിബയും അബ്ദുള്‍ ഹമീദും 2020 ജനുവരിയിലായിരുന്നു വിവാഹിതരായത്. അന്നുമുതല്‍ പീഡനമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹസമയത്തുള്ള 18 പവന് സ്വര്‍ണം പോരെന്ന് പറഞ്ഞതിനാല്‍ വീണ്ടും ആറ് പവന് സ്വര്‍ണം കൂടി മൂസക്കുട്ടി നല്‍കിയിരുന്നു. എന്നാല്‍ 10 പവന് കൂടി വീണ്ടും ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ പ്രസവിച്ചുകിടക്കുന്ന മകളെയും കുഞ്ഞിനെയും താന്‍ കൊണ്ടുപോകില്ലെന്ന് അബ്ദുള്‍ ഹമീദ് പറയുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഇയാള്‍ മൂസക്കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നതായി മരണത്തിന് തൊട്ടുമുമ്പ് തന്റെ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍ മൂസക്കുട്ടി പറഞ്ഞിരുന്നു.
ഈ വീഡിയോ ഉള്‍പ്പടെയാണ് ഹിബയും സഹോദരനും പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് വൈകുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാന്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവ്തകരിച്ചത്. പ്രതിയെ രാത്രി ഒരു മണിയോടെയാണ് ബന്ധുവീട്ടില്‍ നിന്ന് പോലീസ് പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കും.