പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു
കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കേ കൊച്ചിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി രാജ്യം കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ യേശുദാസന് രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്നാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.
ആലപ്പുല മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസന് കേരളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണ്‍ രചയിതാവാണ്. കേരള ലളിതകലാ അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമി എന്നിവയുടെ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്.
23 വര്‍ഷം മലയാള മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു. ശങ്കേഴ്സ് വീക്ക്ലി, ജനയുഗം, ബാലയുഗം, കട്ട്-കട്ട്, അസാധു എന്നീ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. മെട്രൊ വാര്‍ത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിടെയും ഭാഗമായിരുന്നു.
കെ.ജി. ജോര്‍ജിന്റെ പഞ്ചവടിപ്പാലം സിനിമയുടെ സംഭാഷണം എഴുതിയത് യേശുദാസനായിരുന്നു. 1992-ല്‍ എ ടി അബു സംവിധാനം ചെയ്ത എന്റെ പൊന്നു തമ്ബുരാന് എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്ട്ടൂണിസ്റ്റ്സ് 2001 ല്‍ ലൈഫ് ടൈം അവാര്‍ഡ് നല്കി ആദരിച്ച യേശുദാസന് മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നിരവധി തവണ ലഭിച്ചിട്ടുണ്ട്.
സ്വദേശാഭിമാനി കേസരി പുരസ്കാരം, വി. സാംബശിവന് സ്മാരക പുരസ്കാരം, എന്‍.വി. പൈലി പുരസ്കാരം, പി.കെ. മന്ത്രി സ്മാരക സ്മാരക പുരസ്കാരം, ബി.എം. ഗഫൂര്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് എന്നിവയും സ്വന്തമാക്കി.
ഭാര്യ: മേഴ്സി. മക്കള്‍: സാനു വൈ. ദാസ്, സേതു വൈ. ദാസ്, സുകുദാസ്.