സെലിബ്രിറ്റിക്കല്ല, പ്രവർത്തകനാണ് സീറ്റ് നൽകുക; ഹിമാചലിൽ കങ്കണക്ക് സീറ്റ് നൽകില്ലെന്ന് ബി.ജെ.പി
ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കങ്കണയെ പരിഗണിക്കുന്നില്ലെന്ന് ബി.ജെ.പി. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ചേർന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
‘ധർമ്മശാലയിൽ നടന്ന സ്റ്റേറ്റ് ഇലക്ഷൻ കമ്മിറ്റി യോഗത്തിൽ കങ്കണയുടെ പേര് ഒരിക്കലും ഉയർന്നു വന്നിട്ടില്ല. മാണ്ഡി പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ടിക്കറ്റ് ഒരു പാർട്ടി പ്രവർത്തകനാണ് ലഭിക്കുക. ഒരു സെലിബ്രറ്റിക്കുമല്ല’ മുഖ്യമന്ത്രി വ്യക്തമാക്കി.
മാണ്ഡിയുൾപ്പെടെ നാല് മണ്ഡലങ്ങളിലാണ് ഹിമാചൽ പ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാണ്ഡിയിലെ ഭംബ്ല ഗ്രാമമാണ് കങ്കണയുടെ സ്വദേശം. മാണ്ഡിയിലേക്ക് നടിയെ പരിഗണിക്കുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ആദ്യഘട്ട ചർച്ചകൾ പൂർത്തിയായപ്പോൾ കങ്കണയുടെ പേരും പാർട്ടി നേതൃത്വത്തിന്റെ സജീവമായ പരിഗണനയിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കങ്കണ സ്ഥാനാർഥിയാവുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നും സൂചനയുണ്ടായിരുന്നു.
ഒക്ടോബർ 30 നാണ് തെരഞ്ഞെടുപ്പ്. നിലവിൽ നടി മണാലിയിലെ ബംഗ്ലാവിലാണ് താമസിക്കുന്നത്. ബി.ജെ.പി അനുഭാവിയായ കങ്കണ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. അതേസമയം താൻ ബിജെപി അനുഭാവിയാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.