ആയുർവേദ മരുന്നെന്ന വ്യാജേന വിദേശത്തേക്ക് കൊറിയറായി ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം കാസർകോട് സ്വദേശി അറസ്റ്റിൽ
കൊച്ചി: ആയുർവേദ മരുന്നെന്ന പേരിൽ വിദേശത്തേക്ക് കൊറിയറായി ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചെന്ന കേസിൽ കാസർകോട് സ്വദേശി അറസ്റ്റിലായി. ഇയാളുടെ പേരുവിവരം പുറത്ത് വിട്ടിട്ടില്ല. സെപ്റ്റംബർ 12 ന് കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോകേണ്ട കൊറിയർ ചരക്കിൽ നിന്ന് 3.5 കിലോഗ്രാം ഹാഷിഷ് ഓയിൽ നാർകോടിക് കണ്ട്രോള് ബ്യൂറോ പിടിച്ചെടുത്തിരുന്നു.
തുടർന്ന് കൊറിയർ കമ്പനിയിൽ നൽകിയ വിലാസം കേന്ദ്രീകരിച്ച് അന്വേഷണത്തിൽ ഒരാളെ കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂറിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് സ്വദേശി പിടിയിലായത്. ച്യവനപ്രാശം, രസായനം എന്നീ പേരിലാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചതെന്നാണ് എൻ സി ബി അധികൃതർ പറയുന്നത്.
അതേസമയം അന്താരാഷ്ട്ര കൊറിയർ സെർവീസ് വഴി മയക്കുമരുന്നുകടത്ത് വർധിച്ചതായി എൻസിബി പറഞ്ഞു. കൊച്ചിയിൽ ഹാഷിഷ് ഓയിലിന് പുറമേ 11.6 കിലോ സ്യൂഡോഫെഡ്രിൻ എന്ന മയക്കുമരുന്നും പിടികൂടിയതായി എൻസിബി വ്യക്തമാക്കി. കൊറിയർ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മയക്കുമരുന്നും മറ്റ് കള്ളക്കടത്ത് സാധനങ്ങളും കടത്താൻ സാധ്യതയുണ്ടെന്നതിനാൽ കൊറിയർ സെർവീസ് ഓപറേറ്റർമാരോട് ജാഗ്രത പാലിക്കാനും സംശയാസ്പദമായ ചരക്കുകൾ ശരിയായി സ്കാൻ ചെയ്യാനും വിവരങ്ങൾ കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.