പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ
റാന്നി: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ യുവാവിെൻറ ശ്രമം. പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി ചരള സ്വദേശി ഓലിയ്ക്കപ്ലാവില് ആഷിഖ് അഷ്റഫിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. 23കാരിയായ വെൺകുറിഞ്ഞി സ്വദേശിനിയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെയും മാതാവിനെയും മർദിച്ചു. രണ്ടുവര്‍ഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്.
യുവാവിെൻറ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറി. ഇതോടെയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം എരുമേലിയില്‍ െവച്ച് ഇരുവരും കണ്ടിരുന്നു. താൽപര്യക്കുറവ് അറിയിച്ചശേഷം പെണ്‍കുട്ടി ഓട്ടോയില്‍ തിരിച്ച് വീട്ടിെലത്തി. ഇതിനു പിന്നാലെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരോട് പ്രണയ വിവരം പറഞ്ഞു. വിവാഹം കഴിക്കാന്‍ താൽപര്യമുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയോട് ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാരും എത്തി. എന്നാല്‍, പ്രണയത്തിലായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളും മറ്റും കാണിച്ച് പെണ്‍കുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയെയും മാതാവിനെയും മർദിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വെച്ചൂച്ചിറ പൊലീസില്‍ എത്തി പരാതി നല്കി. റാന്നി ഡിവൈ.എസ്.പിയുടെ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.