സ്ത്രീധനത്തെച്ചൊല്ലി മകള്‍ക്ക് ഭര്‍തൃവീട്ടില്‍ പീഡനം; മനംനൊന്ത് പിതാവ് ജീവനൊടുക്കി
മലപ്പുറം: മമ്പാട് ഗൃഹനാഥൻ ജീവനൊടുക്കിയതിന് കാരണം സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടി വന്നതിലുള്ള മനോവിഷമം. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് മൂസക്കുട്ടി നിറകണ്ണുകളോടെ ചിത്രീകരിച്ച വീഡിയോ കണ്ടെത്തിയതോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
കഴിഞ്ഞ മാസം 23നായിരുന്നു മൂസക്കുട്ടി തൂങ്ങിമരിച്ചത്. മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി മൊബൈലിൽ പകർത്തിയ ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. വീഡിയോ ചിത്രീകരിച്ച ശേഷം മൂസക്കുട്ടി വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
മൂസക്കുട്ടിയുടെ സംസ്കാരത്തിന് ശേഷം മൊബൈൽ പരിശോധിച്ചപ്പോഴാണ് വീഡിയോ കണ്ടെത്തിയത്. “മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന് നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു’- മൂസക്കുട്ടി വീഡിയോയിൽ പറയുന്നു.
2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും വിവാഹിതരായത്. അന്നു മുതൽ സ്ത്രീധനമായി നൽകിയ സ്വർണം കുറഞ്ഞെന്ന് പറഞ്ഞ് ഹമീദ് വഴക്കിടുമായിരുന്നെന്ന് ഹിബ പറയുന്നു. ഹിബയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് അബ്ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
വിവാഹസമയത്ത് 18 പവൻ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. ഹമീദ് വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് മൂസക്കുട്ടി ആറ് പവൻ കൂടി നൽകി. അതും പോരെന്നും പത്ത് പവൻ സ്വര്‍ണാഭരണങ്ങള്‍ കൂടി ഹമീദ് ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്നും പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു.