ഫെയ്സ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ഏഴു മണിക്കൂര്‍ ഇരുട്ടില്‍; സക്കര്‍ബര്‍ഗിന് നഷ്ടം
44,732 കോടി
വാഷിങ്ടന്‍ : പ്രമുഖ സമൂഹമാധ്യമ കമ്പനിയായ ഫെയ്സ്ബുക് ഏഴു മണിക്കൂര്‍ പണിമുടക്കിയതോടെ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ). ലോകമാകെ സേവനം മുടങ്ങിയതാണ് ഇത്ര വലിയ നഷ്ടമുണ്ടാക്കിയതെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണു ഫെയ്സ്ബുക്, സഹ കമ്പനികളായ ഇന്‍സ്റ്റഗ്രാം, വാട്ട്സാപ് എന്നിവ തടസ്സപ്പെട്ടത്.
തകരാര്‍ പരിഹരിച്ചെന്നും ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. പലയിടങ്ങളിലും മെസഞ്ചര്‍ സേവനങ്ങളിലെ തകരാര്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡിഎന്‍എസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തല്‍.
ഫെയ്സ്ബുക് ഓഹരിമൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി തുടങ്ങി. ലാഭത്തിനു മുന്നില്‍ ഫെയ്സ്ബുക് സുരക്ഷയെ അടിയറവ് വയ്ക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ തകരാറുമുണ്ടായത്. കഴിഞ്ഞ സെപ്റ്റംബറില്‍ ‘ദ് വാള്‍സ്ട്രീറ്റ് ജേണല്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഫെയ്സ്ബുക്കില്‍ ചില പ്രശ്നങ്ങള്‍ ഉള്ളതായും ഇന്‍സ്റ്റഗ്രാമില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ ഉള്ളതായും പറഞ്ഞിരുന്നു.
രാഷ്ട്രീയ ധ്രുവീകരണം അടക്കമുള്ള കാര്യങ്ങളും ഉന്നയിക്കപ്പെട്ടിരുന്നതായി ഫെയ്സ്ബുക് വൈസ് പ്രസിഡന്റ നിക്ക് ക്ലേഗ് ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്ക് സക്കര്‍ബര്‍ഗിന്റെ ഗ്രാഫും കുത്തനെ ഇടിച്ചിട്ടുണ്ട്. നിലവില്‍ ലോക സമ്പന്നരില്‍ അഞ്ചാമതാണ് സക്കര്‍ബര്‍ഗുള്ളത്.