അസം: മുസ്ലിം വംശഹത്യക്ക് കളമൊരുങ്ങുന്നു; വംശവെറിയന്മാരെ കരുതിയിരിക്കുക ഒക്ടോബര്‍ അഞ്ചു മുതല്‍ പോപുലര്‍ ഫ്രണ്ട് കാംപയിന് സംഘടിപ്പിക്കും
കോഴിക്കോട്: മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വംശഹത്യക്ക് കളമൊരുക്കുന്ന ഹിന്ദുത്വ- ഭരണകൂട അജണ്ടക്കെതിരേ സംസ്ഥാന വ്യാപകമായി കാംപയിന് സംഘടിപ്പിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു. അസം: മുസ്ലിം വംശഹത്യക്ക് കളമൊരുങ്ങുന്നു; വംശവെറിയന്മാരെ കരുതിയിരിക്കുക എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ 20 വരെയാണ് കാംപയിന് സംഘടിപ്പിക്കുക. കാംപയിന്റെ ഭാഗമായി പൊതുയോഗങ്ങള്‍, ഭവനസന്ദര്‍ശനം തുടങ്ങിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
മുസ്ലിം ഉന്മൂലനം ലക്ഷ്യംവെച്ച് ഇന്ത്യയിൽ വലിയ തോതിലുള്ള വംശഹത്യ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന അന്താരാഷ്ട്ര പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവിധ രൂപത്തിലുള്ള മുസ്ലിം ഉന്മൂലന പദ്ധതിയാണ് അസം കേന്ദ്രീകരിച്ച് നടന്നുവരുന്നത്. അത് രാജ്യത്ത് മുഴുവൻ നടപ്പാക്കാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമാണ്. കുടിയേറ്റക്കാർ എന്ന ചാപ്പ കുത്തി 1983ൽ നെല്ലിയിൽ വംശഹത്യ നടത്തിയതും രാജ്യത്ത് ആദ്യമായി അസമിൽ എൻആർസി നടപ്പിലാക്കിയതും ഇതിന്റെ വിത്യസ്ത പരീക്ഷണങ്ങളായിരുന്നു.
അസമിൽ ബിജെപിക്ക് അധികാരം കിട്ടിയപ്പോൾ ഈ വംശീയ ഉന്മൂലന പദ്ധതി ഭരണകൂടം ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. 2016ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം അസം സര്‍ക്കാര്‍ മുസ്ലിംകളെ നിരന്തരം വേട്ടയാടുകയാണ്. നിലവില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പൂര്‍ണ പിന്തുണയോടെയാണ് മുസ്ലിംവേട്ട നടക്കുന്നത്. മുസ്ലിം കർഷകർക്കു നേരെ നടത്തിയ വെടിവെപ്പ് ഇതാണ് വ്യക്തമാക്കുന്നത്. അക്രമികളായ പോലിസുകാരെ അഭിനന്ദിച്ചും പള്ളി പൊളിക്കുന്നതിന്റെയും പൗരന്മാരെ ക്രൂരമായി മര്‍ദിച്ച് പുറത്താക്കുന്നതിന്റെയും ചിത്രങ്ങള്‍ പങ്കുവയ്ച്ചും മുസ്ലിം വിദ്വേഷത്തിന് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കുകയാണ്.
ഇത് അസമിൽ മാത്രം ഒതുങ്ങുന്നതല്ല. രാജ്യം മുഴുക്കെ ഈ വംശീയ ഉന്മൂലന പ്രചാരണം ആർഎസ്എസ് തുടങ്ങിക്കഴിഞ്ഞു. ലൗജിഹാദ് ഉൾപ്പടെയുള്ള പ്രചാരണങ്ങൾ ആർഎസ്എസ് നടത്തുന്നത് കേരളത്തിലും മുസ്ലിംകൾക്കെതിരെ വിദ്വേഷം വളർത്താനാണ്. മലബാർ സമരത്തെ ഉൾപ്പടെ തെറ്റായി ചിത്രീകരിച്ച് അതിനുള്ള പ്രചാരണം ആർഎസ്എസ് തുടങ്ങിക്കഴിഞ്ഞു. ആർഎസ്എസ് നടപ്പാക്കുന്ന ഈ വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങേണ്ട അനിവാര്യമായ സന്ദർഭമാണ് ഉണ്ടായിട്ടുള്ളത്. ഏത് സമയവും കേരളത്തിലും നടപ്പിലാക്കാൻ സാധ്യതയുള്ള ആർഎസ്എസിന്റെ വംശഹത്യാ പദ്ധതിക്കെതിരെ ജാഗ്രതപാലിക്കാൻ ജനങ്ങളെ ബോധവൽക്കാരിക്കുന്നതിനാണ് പോപുലർ ഫ്രണ്ട് പ്രചാരണം സംഘടിപ്പിക്കുന്നത്.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാര്‍, സി എ റഊഫ്, ട്രഷറർ കെ എച്ച് നാസർ, അംഗങ്ങളായ പി കെ ലത്തീഫ്, ബി നൗഷാദ്, പി കെ യഹിയാ തങ്ങൾ, എം കെ അഷ്റഫ് എന്നിവർ സംസാരിച്ചു.