ട്രെയിനിലെ കവര്‍ച്ച; മൂന്നു പ്രതികളെയും യാത്രക്കാര്‍ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: നിസാമുദീന്‍ എക്സപ്രസില്‍ അമ്മയേയും മകളെയും ഉള്‍പ്പെടെ മൂന്നു പേരെ മയക്കിക്കിടത്തി മോഷണം നടത്തിയ സംഭവത്തില്‍ കസ്റ്റഡിയിലായ പ്രതികളെ യാത്രക്കാര്‍ തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ബംഗാള്‍ സ്വദേശികളായ ഖയും, ശങ്കിത് അലി, ഇവരുടെ ഒരു കൂട്ടാളി എന്നിവരാണ് കസ്റ്റഡിയിലായത്. മലയാളികളെന്ന വ്യാജേന വിജയ്, മനോജ് രാജേഷ് എന്നീ പേരുകളിലാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. സെപ്തംബര്‍ 12നാണ് നിസാമുദ്ദീന്‍ എക്സ്പ്രസില്‍ കവര്‍ച്ച നടന്നത്.
ആഗ്രയില്‍ നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. മോഷണത്തിനു ശേഷം തൃശൂരില്‍ ഇറങ്ങിയിരുന്നു. മംഗള എക്സ്പ്രസില്‍ കവര്‍ച്ചയ്ക്ക് ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്. ഇവരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കോയമ്പത്തൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടശേഷമാണ് അവര്ച്ച നടത്തിയത്. ഭക്ഷണം കഴിക്കുന്നതിന് കൈകഴുകാന്‍ അമ്മയും മകളും ടോയ്ലറ്റിലേക്ക് പോയപ്പോള്‍ ഇവരുടെ കുടിവെള്ളത്തില്‍ ലഹരിമരുന്ന് ചേര്‍ത്തുവെന്നും ഭക്ഷണം കഴിഞ്ഞ് വെള്ളം കുടിച്ച് ഇവര്‍ മയങ്ങിയതോടെ മോഷണം നടത്തുകയായിരുന്നുവെന്നും സംഘം പോലീസിനോട് സമ്മതിച്ചു.
തൃശൂരില്‍ ബിസിനസ് ചെയ്യുകയാണെന്നും തങ്ങളില്‍ ഒരാള്‍ക്ക് ആലപ്പുഴയിലും മറ്റൊരാള്‍ക്ക് എറണാകുളത്തും ഇറങ്ങണമെന്ന് ഇവര്‍ പറഞ്ഞിരുന്നുവെന്ന് കവര്‍ച്ചയ്ക്ക് ഇരയായ വീട്ടമ്മ പറഞ്ഞു. ആലപ്പുഴയ്ക്ക് ശേഷമാണോ മുന്‍പാണോ എറണാകുളമെന്നും ഇവര്‍ തിരിക്കി. തന്റെ സീറ്റിന് സമീപം 25ാം നമ്പര്‍ സീറ്റിലും തൊട്ടടുത്ത സീറ്റിലുമാണ് ഇവര്‍ ഇരുന്നിരുന്നത്.
നിസാമുദ്ദീന്‍ -തിരുവനന്തപുരം എക്സ്പ്രസില്‍ യാത്രക്കാരായ മൂന്നു സ്ത്രീകളാണ് കവര്‍ച്ചയ്ക്ക് ഇരയായത്. സെപ്തംബര്‍ 12ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയില്‍ ബോധരഹിതരായ നിലയില്‍ മൂന്ന് വനിതകളെയും റെയില്‍വേ ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. യാത്രക്കാരിയായ വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന് സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടുണ്ട്. നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.
ഇതേ ട്രെയിനില്‍ തന്നെ യാത്ര ചെയ്തിരുന്ന കോയമ്പത്തൂര്‍ സ്വദേശി കൗസല്യയാണ് കവര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. ഇവര്‍ മൂന്ന് പേരും കോയമ്പത്തൂരില്‍ നിന്നും ആഹാരം വാങ്ങിയിരുന്നു.
ഇവര്‍ നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ട്രെയിനുകളില്‍ സമാനരീതിയില്‍ കവര്‍ച്ച നടത്തുന്ന അഗ്സര്‍ ബാഷയാണെന്ന് പോലീസ് സംശയിച്ചിരുന്നു. ഇയാളുടെ ചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു. പിന്നീട് ഇതേ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന മറ്റ് യാത്രക്കാരില്‍ നിന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് മോഷണം നടത്തിയത് അഗ്സര്‍ ബാഷ അല്ലെന്ന് സ്ഥിരീകരിച്ചതും ബംഗാള്‍ സ്വദേശികളിലേക്ക് അന്വേഷണം നീണ്ടതും.