ആനച്ചാലില്‍ ആറു വയസ്സുകാരന് കൊല്ലപ്പെട്ട സംഭവം; പ്രതിയുടെ ലക്ഷ്യം കുടുംബത്തിന്റെ കൂട്ടക്കൊല, അതീവ സുരക്ഷയില്‍ തെളിവെടുപ്പ്
ഇടുക്കി: ആനച്ചാലില്‍ ആറു വയസ്സുകാരന് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കുട്ടിയെ മാത്രമല്ല, കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്താനാണ് ഉദ്ദേശിച്ചതെന്ന് പ്രതി സുനില്‍ കുമാര്‍ (ഷാന്‍) പറയുന്നു. കുട്ടിയുടെ അമ്മയും മുത്തശ്ശിയും കൂടിയാണ് തന്റെ കുടുംബജീവിതം തകര്‍ത്തതെന്നും ഭാര്യ വേര്‍പിരിയാന്‍ കാരണമെന്നും പ്രതി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
ആമകണ്ടം റിയാസ് മന്‍സിലില്‍ റിയാസിന്റെ മകന് അല്‍ത്താഫാണ് മരിച്ചത്. സുനില്‍ കുമാറിന്റെ ഭാര്യയുടെ അനുജത്തിയായാണ് അല്‍ത്താഫിന്റെ മാതാവ സഫിയ. ഇവരുടെ മാതാവ് സൈനബ, പതിനഞ്ചു വയസ്സുള്ള സഹോദരി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഉമ്മയേയും വല്യുമ്മയേയും സഹോദരനെയും സുനില്‍കുമാര്‍ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിന് മുന്‍പേ പെണ്‍കുട്ടി ഓടിരക്ഷപ്പെട്ട് അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു.
പ്രതിയെ ഇന്നലെ രാത്രിയോടെയാണ് മുതുവാന്‍കുടിയില്‍ നിന്നും പിടികൂടിയത്. ഇന്ന് 11 മണിയോടെ പ്രതിയെ സംഭവം നടന്ന വീടുകളിലെത്തിച്ച് തെളിവെടുക്കും. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റിക വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയിലൂടെ സ്ഥിരീകരണം നടത്തും. അതീവ സുരക്ഷയിലാണ് പോലീസ് പ്രതിയുമായി ആനച്ചാലില്‍ എത്തുന്നത്.