ഡോക്ടർമാരുടെ നിസ്സഹകരണ സമരം ഇന്നുമുതല്‍ ; ഓൺലൈൻ സേവനങ്ങൾ ബഹിഷ്കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല നിസ്സഹകരണ സമരം ഇന്നുമുതല്‍. ഓണ്‍ലൈന്‍ ചികിത്സാ പ്ലാറ്റ്ഫോമായ ഇ-സഞ്ജീവനി, ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍, യോഗങ്ങള്‍ എന്നിവ ബഹിഷ്കരിച്ചാണ് സമരത്തിന്റെ തുടക്കം. ഒക്ടോബര്‍ 15 മുതല്‍ വി.ഐ.പി ഡ്യൂട്ടികള്‍ ബഹിഷ്കരിക്കുന്നതടക്കമുള്ള നിസഹകരണ സമരവുമായി മുന്നോട്ട് പോകാനാണ് നീക്കം. സമരം പൂര്‍ണതോതില്‍ വ്യാപിപ്പിക്കും.
എന്‍ട്രി കേഡറിലെ ശമ്പളം വെട്ടിക്കുറച്ച നടപടി, റേഷ്യോ പ്രമോഷന് നിര്‍ത്തലാക്കിയ നടപടി, പേഴ്സനല്‍ പേ നിര്‍ത്തലാക്കിയത്, റിസ്ക് അലവന്‍സ് അനുവദിക്കാത്തത് എന്നിവയില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം സമരം. എന്‍ട്രി കേഡറില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന ഡോക്ടര്‍ക്ക് മുന്പത്തേക്കാള് 9000 രൂപ കുറച്ചാണ് ലഭിക്കുന്നത്. സര്‍വ്വീസിലുള്ളവര്‍ക്ക് റേഷ്യോ പ്രമോഷന് നടപ്പാക്കിയിട്ടില്ല. കിട്ടിയിരുന്ന പേഴ്സണല്‍ പേ നിര്‍ത്തലാക്കി. റിസ്ക് അലവന്‍സെന്ന തുടക്കം മുതലുള്ള ആവശ്യത്തിലും തീരുമാനമോ ചര്‍ച്ചകളോ ഇല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കോവിഡ് പ്രതിരോധ നിരയില്‍ തങ്ങള്‍ നേരിടുന്നത് അവഗണനയാണെന്നാണ് ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.