സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം, വിവാഹത്തിന് 50 പേര്‍ക്ക് വരെ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. തിയേറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. തിയേറ്ററില്‍ എസി പ്രവര്‍ത്തിപ്പിക്കും. തിയേറ്ററുകളില്‍ പോകാന്‍ വാക്സീന് നിര്‍ബന്ധം. വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സിനിമ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കും
ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കും. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക..
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. രണ്ട് ഡോസ് വാക്സിനേഷന് നിബന്ധന മതി.
പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റ് സ്കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ തുറക്കും. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. 50 പേരെ വരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബര്‍ 1 മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും.
സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍, കോളേജ് ഹോസ്റ്റലുകള്‍, സ്കൂളുകള്‍ എന്നിവ ഒഴിവാക്കണം. കൊവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ച് വിളിക്കുമ്പോള്‍ വളണ്ടിയര്‍മാരെ പകരം കണ്ടെത്താവുന്നതാണ്. സ്കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കൊവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണം.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കണം. കുട്ടികള്‍ക്കിടയില്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായി. സ്കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിവുന്നു.