കാസര്കോട്സ്കൂട്ടറില് കാട്ടുപന്നിയിടിച്ച് പരുക്കേറ്റ അറുപതുകാരന് മരിച്ചു
കാസര്‍കോട്: കാസര്‍കോട് കര്‍മ്മംതൊടിയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. കാവുങ്കാല്‍ സ്വദേശി കുഞ്ഞമ്പു നായരാണ് മരിച്ചത്. 60 വയസായിരുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനാന്തര പാതയില്‍ രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിഞ്ഞ് തെറിച്ചുവീണ കുഞ്ഞമ്പു നായരുടെ തലയ്ക്കാണ് പരിക്കേറ്റത്.
കുഞ്ഞമ്പു നായരെ ആദ്യം മുള്ളേരിയ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളുരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നി ചത്തു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം വന്യമൃഗശല്യം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 204 ജനജാഗ്രത സമിതികള്‍ തയ്യാറാക്കി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സൗരോര്‍ജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.വന്യജീവികളുടെ ആവാസ വ്യവസ്ഥ വലിയ ഭീഷണിനേരിടുകയാണ്. സംസഥാനത്ത് 228 ജീവികള്‍ വംശനാശഭീഷണി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.