കാട് മൂടി ആർക്കും ഉപകരിക്കാതെ സംസ്ഥാനത്തെ ആദ്യത്തെ ഷി ലോഡ്ജ്
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് 2019 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ച സംസ്ഥാനത്തെ ആദ്യത്തെ ഷീ ലോഡ്ജ് ആളും അനക്കവുമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് രണ്ടര വർഷം പിന്നിടുന്നു.. പ്രവർത്തനം തുടങ്ങാത്തതിനാൽ ഇത് നിഷ്ക്രിയ ആസ്തിയായി മാറുന്നതിനു കാരണമാകുമെന്ന് ഓഡിറ്റ് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ ഇപ്പോഴും ഉറക്കത്തിലാണ്..
. ലോഡ്ജിന്റെ താഴത്തെ നിലയിൽ ഹോട്ടലുൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്നും നഗരസഭ വ്യക്തമാക്കിയതാണ്.
രണ്ടര ആണ്ട് കഴിഞ്ഞിട്ടും ഒരു സ്ത്രീക്ക് പോലും ഈ ലോഡ്ജിൽ താമസിക്കാൻ ഭാഗ്യം ലഭിച്ചില്ല. എന്നാൽ രാത്രി നഗരത്തിലെത്തുന്ന സ്ത്രീകൾക്കു താമസിക്കാൻ ഇപ്പോഴും മറ്റു ഹോട്ടലുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നഗരത്തിൽ രാത്രികാലങ്ങളിൽ എത്തിച്ചേരുന്ന സ്ത്രീകൾക്ക് താമസിക്കാൻ സുരക്ഷിതമായ ഇടം ഒരുക്കുകയായിരുന്നു ഷീ ലോഡ്ജ് പദ്ധതിയുടെ ലക്ഷ്യം. 45 ലക്ഷം രൂപ ചെലവിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ ഷീ ലോഡ്ജ് സർക്കാർ ആശയം നടപ്പിലാക്കിയപ്പോൾ തന്നെ കാഞ്ഞങ്ങാട് നഗരസഭ പദ്ധതി ഏറ്റെടുത്തിരുന്നു. നഗരസഭ ജനകീയാസൂത്രണ ഫണ്ടുപയോഗിച്ചാണ് ആറ് മുറികളടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ ഷീലോഡ്ജ് എന്ന പെരുമയിൽ കാഞ്ഞങ്ങാട്ട് ഇത് പൂർത്തിയാക്കിയത്.
ലോക്ഡൗൺ നിയന്ത്രണത്തിനിടയിലും 45 ലക്ഷം രൂപ ചെലവിട്ടാണ് വളരെ വേഗത്തിൽ കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ഷീ ലോഡ്ജുകളിൽ കുറഞ്ഞത് എട്ടു കിടക്കകളെങ്കിലും ഉണ്ടാകണമെന്നും ശൗചാലയം വൃത്തിയുള്ളതായിരിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശവുമുണ്ടായിരുന്നു. ഷീ ലോഡ്ജ് നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാൻ ആയിരുന്നു നഗരസഭയുടെ തീരുമാനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നടപടി നീണ്ടു പോവുകയായിരുന്നു. പണി പൂർത്തിയായ കെട്ടിടത്തിന്റെ ചുറ്റും കാടുമൂടികിടക്കുകയാണ്. മാസങ്ങളായി ടൂറിസ്റ്റ് സ്വകാര്യബസുകൾ കെട്ടിടത്തിന് മുന്നിലുണ്ട്. ആരും പരിരക്ഷിക്കാതെ വന്നതോടെ കെട്ടിടത്തിൽ പകൽസമയത്തുപോലും മദ്യപരുടെയും സമൂഹദ്രോഹികളുടെയും വിളയാട്ടമാണ് നടക്കുന്നതെന്ന് പരിസരത്തെ ചിലർ വ്യക്തമാക്കി.
ഷിലോസ്ജിൽ വൃത്തിയുളള അടുക്കളയും ശുദ്ധജലം, ടിവി, ഫ്രിഡ്ജ്, വൈ ഫൈ മുതലായവയുമുണ്ടാകണം. ലോഡ്ജിന്റെ നടത്തിപ്പ് കളക്ടറും ജില്ലാപഞ്ചായത്ത് പ്രസിഡന്റും നഗരസഭാസെക്രട്ടറി, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററും കൂടിചേർന്നാണ് ചെയ്യേണ്ടത്. . എന്നാൽ ബൈലോ സംബന്ധിച്ച നിയമ പ്രശ്നങ്ങളാണു ലോഡ്ജ് തുറക്കാൻ വൈകുന്നതിന് കാരണമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്നവിവരം. ലക്ഷങ്ങൾ ചെലവഴിച്ച് പണിത നഗരസഭാ ബസ് സ്റ്റാൻ്റിൻ്റെ ദുർഗതി തന്നെയാണ് ഷീ ലോഡ്ജിനും. എന്നതിൽ നാട്ടുകാരി ൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.