പ്രശസ്ത എഴുത്തുകാരൻ സുറാബ് തീവ്രാനുഭവങ്ങളിൽ ചാലിച്ചെഴുതിയ തന്റെ മുഴുവൻ പുസ്തങ്ങളുടെയും ഓരോ പ്രതികൾ കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറിക്ക് കൈമാറി
സുറാബിന്റെ മുഴുവൻ കൃതികളും മുനിസിപ്പൽ ലൈബ്രറിക്ക്കാഞ്ഞങ്ങാട്:-പ്രശസ്ത എഴുത്തുകാരൻ സുറാബ് തീവ്രാനുഭവങ്ങളിൽ ചാലിച്ചെഴുതിയ തന്റെ മുഴുവൻ പുസ്തങ്ങളുടെയും ഓരോ പ്രതികൾ കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറിക്ക് നൽകി. നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത സുറാബിൽ നിന്നും പുസ്തകങ്ങൾ ഏറ്റ് വാങ്ങി ഉദ്ഘാടനം ചെയ്തു.
വായന എന്നത് ഒരു കാലത്തും അവസാനിക്കാത്ത ഒന്നാണെന്നും ഒരിക്കലും മരണമില്ലാത്ത വായനയുടെ പുതിയ രൂപങ്ങളും ഭാവങ്ങളും വരുന്നു എന്നല്ലാതെ സാങ്കേതിക വിദ്യ വികസിക്കുമ്പോൾ പുതിയ രൂപത്തിലേക്ക് വായന മാറുന്നുണ്ടെങ്കിലും പുസ്തകങ്ങളുടെ പ്രസക്തി ഒരു കാലത്തും അവസാനിക്കുന്നില്ല എന്നും അത് അക്ഷയ ഖനികളായിത്തന്നെ നിലനിൽക്കുമെന്നും ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുസ്തകങ്ങളെ ഒരിക്കലും നമുക്ക് മാറ്റി നിർത്താൻ കഴിയുകയില്ലയെന്നും ജീവിതത്തോടൊപ്പം കൊണ്ടു നടക്കേണ്ട പുസ്തകങ്ങൾ എക്കാലത്തും നല്ല സുഹൃത്തായി, നല്ല വഴി കാട്ടികളായി ഉണ്ടായിരിക്കുമെന്നും അവർ സൂചിപ്പിച്ചു. പ്രശസ്തനായ എഴുത്തുകാരന്റെ പുസ്തകങ്ങൾ അദ്ദേഹത്തിൽ നിന്നു തന്നെ നേരിട്ട് സ്വീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും നന്ദിയും പ്രസംഗമധ്യേ ചെയർ പേഴ്സൺ പ്രകടിപ്പിച്ചു.
ജീവിതത്തിന്റെ വലിയൊരു കാലയളവ് വിദേശത്ത് ചെലവഴിച്ച ശേഷം പുസ്തകങ്ങളെന്ന സമ്പാദ്യം മാത്രമായിട്ടാണ് നാട്ടിൽ തിരിച്ചെത്തിയത് എന്ന് മറുപടി പ്രസംഗത്തിൽ സുറാബ് പറഞ്ഞു. ചെറുപ്പത്തിൽ ഡ്രൈവറാവാൻ ആഗ്രഹിച്ച അദ്ദേഹം പടന്നക്കാട്ടെ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ച സംഭവത്തോടെ ഡോക്ടറാകാൻ കൊതിച്ചെങ്കിലും എഴുത്തുകാരനായി മാറുകയായിരുന്നു . 1992 ൽ ബോധി ബുക്സ് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ തബല ( കവിതാസമാഹാരം ) മുതൽ 2021 സെപ്തംബറിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മാവ് പൂക്കും കാലം ( കവിതകൾ ) വരെയുള്ള ഇതുവരെ എഴുതിയ പുസ്തകങ്ങളിൽ ലഭ്യമായ മുപ്പതോളം പുസ്തകങ്ങളാണ് സുറാബ് മുനിസിപ്പൽ ലൈബ്രറിയിലേക്ക് നൽകിയത്. വൈസ് ചെയർമാൻ ബിടെക് അബ്ദുള്ള അധ്യക്ഷനായി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ സി.ജാനകിക്കുട്ടി, കെ.വി.മായാകുമാരി എന്നിവർ സംസാരിച്ചു.