‘കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ട എന്റെ ഇടതുകണ്ണിന്മറ്റൊരാള്ക്കു നല്കുന്ന ശിക്ഷ എങ്ങനെ പകരമാകും’അധ്യാപിക എറിഞ്ഞ പേന കൃഷ്ണമണിയില്‍ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവം; അധ്യാപികയ്ക്ക് കഠിന തടവ്
തിരുവനന്തപുരം: ‘നഷ്ടപ്പെട്ടതു നഷ്ടപ്പെട്ടു. കോടതി വിധിയില്‍ ആഹ്ലാദിക്കുന്നില്ല. ആശ്വാസമുണ്ട്. കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ട എന്റെ ഇടതുകണ്ണിന്,. മറ്റൊരാള്‍ക്കു നല്കുന്ന ശിക്ഷ എങ്ങനെ പകരമാകും…?’ ക്ലാസില്‍ ശ്രദ്ധിക്കാത്തതിന്റെ പേരില്‍ അധ്യാപിക എറിഞ്ഞ പേന ഇടതുകണ്ണിലെ കൃഷ്ണമണിയില്‍ തറച്ച് കാഴ്ച നഷ്ടപ്പെട്ട അല്‍ അമീന് ചോദിക്കുന്നു. 16 വര്‍ഷം മുന്‍പുണ്ടായ സംഭവത്തില്‍ തിരുവനന്തപുരം പോക്സോ കോടതി മലയിന്‍കീഴ് കണ്ടല ഗവ. സ്കൂളിലെ മുന്‍ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനെ ഒരു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. മൂന്നു ലക്ഷം രൂപ പിഴയും ജഡ്ജി കെ.വി.രജനീഷ് വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം അധിക തടവും അനുഭവിക്കണം.
‘എന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 24 വയസ്സായി. ലൈസന്‍സും പാസ്പോര്‍ട്ടും എടുക്കാനായി അധികൃതരെ സമീപിച്ചപ്പോള്‍ തിരിച്ചയച്ചു. കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ല…കണ്ണുള്ളവരെങ്കിലും ഇതു കാണണം..എനിക്കും ജീവിക്കണ്ടേ…പൊലീസില്‍ ചേരണമെന്നായിരുന്നു സ്വപ്നം…’ മാറനല്ലൂര്‍ കണ്ടല ചിറയ്ക്കോട് പുത്തന്‍വീട്ടില്‍ എസ്.അല്‍ അമീന്റെ വാക്കുകള്‍ മുറിയുന്നു. കൂലിപ്പണിക്കാരനായ പി.സയ്യദ് അലിഎ.സുമയ്യ ബീവി ദമ്പതികളുടെ മൂത്ത മകനാണ് അല്‍ അമീന്. ബികോം വിദ്യാര്‍ഥി അഫ്സല് സഹോദരനാണ്.
കണ്ടല ഗവ.ഹൈസ്കൂളില്‍ 2005 ജനുവരി 18 ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അന്ന് അല്‍ അമീന്. പേരു വിളിച്ചിട്ടും ശ്രദ്ധിക്കാത്തതിനാല്‍ മേശപ്പുറത്തിരുന്ന പേന എടുത്ത് എറിയുകയായിരുന്നു. ‘ക്ലാസിനിടെ പിന്‍ബഞ്ചിലിരുന്ന ആഷിഖ് എന്നെ വിളിച്ചപ്പോള്‍ തിരിഞ്ഞു നോക്കി എന്താ എന്നു ചോദിച്ചു. രോഷാകുലയായ അധ്യാപിക, ഇങ്ങോട്ടു നോക്കെടാ എന്നു പറഞ്ഞ് പേന എറിയുകയായിരുന്നു.. ഇടതു കണ്ണില്‍ പേനയുടെ മുന തറച്ചു. ചോര വന്നില്ല. പോയി മുഖം കഴുകി വാടാ എന്ന് അധ്യാപിക ആക്രോശിച്ചു. മുഖം കഴുകുന്നതിനിടെ, ഷെരീഫ ടീച്ചര്‍ എന്റെ പിന്നാലെ എത്തി, നീ എന്തിനാ കരഞ്ഞത് എന്നു ചോദിച്ച് എന്റെ തലയില്‍ അടിച്ചു. അധ്യാപകരുടെ സഹായത്തോടെ ആശുപത്രിയിലെത്തി. പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ഗവ.കണ്ണാശുപത്രിയിലേക്ക് റഫര്‍ ചെയ്തു. രാത്രി 11 ന് ശസ്ത്രക്രിയ നടത്തി. 14 ദിവസം ആശുപത്രിയില്‍ കിടന്നു. കാഴ്ചശേഷി പൂര്‍ണമായി നഷ്ടപ്പെട്ടു. രണ്ടു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ഫലമുണ്ടായില്ല. 10 വര്‍ഷം ചികിത്സിച്ചു. മൂന്നു ലക്ഷം ചെലവായി. പണമില്ലാത്തതിനാല്‍ അഞ്ചു വര്‍ഷമായി ചികിത്സ മുടങ്ങി’ അല്‍ അമീന് പറയുന്നു.
അല്‍ അമീന്റെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് അധ്യാപികയ്ക്കെതിരെ അന്നു കേസെടുത്തിരുന്നു. ആറു മാസത്തേക്ക് സസ്പെന്‍ഡു ചെയ്തെങ്കിലും ഒരു മാസം കഴിഞ്ഞ് അധ്യാപിക സര്‍വീസില്‍ തിരികെ പ്രവേശിച്ചു. പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്കൂളിലേക്കു മാറിയ ഇവര്‍ 4 വര്‍ഷം മുന്‍പു വിരമിച്ചു. ചികിത്സ കഴിഞ്ഞ് 4 മാസത്തിനു ശേഷം ഇതേ സ്കൂളില്‍ തിരിച്ചെത്തിയ അല്‍ അമീന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി.