ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം
കാസർകോട് : മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേര്‍പ്പെടുത്തിയവരുടെയും, ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്കുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ഫ്ളോറിങ്/ ഫിനിഷിങ്/ പ്ലബിങ്/ സാനിറ്റേഷന്‍/ വൈദ്യുതീകരണം എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായും ബി.പി.എല്‍ കുടുംബവുമായിരിക്കണം. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാകുക, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2021-22 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 10 ന് വൈകീട്ട് അഞ്ചിനകം കളക്ടറേറ്റിലെ ന്യൂന പക്ഷ ക്ഷേമ സെക്ഷനില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോം www.minoritywelfare.kerala.gov.in ല്‍ നിന്നും ലഭിക്കും.