കോവിഡ് കേന്ദ്രത്തിലെ പരിചയം പ്രണയമായി; 17കാരി ജീവനൊടുക്കി, സുഹൃത്ത്
അറസ്റ്റില്‍
തിരുവനന്തപുരം : കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍, സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പോങ്ങനാട് സ്വദേശി ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. മുളമന വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ഥിനി, കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മന്‍സിലില്‍ എ.ഷാജഹാന്‍സബീനബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ (17) ആണ് വ്യാഴാഴ്ച മരിച്ചത്.
പ്രണയത്തില്‍നിന്നു ജിഷ്ണു പിന്മാറിയതാണ് ആല്‍ഫിയ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അല്‍ഫിയ പരിചയത്തിലാകുന്നത്. ഞായറാഴ്ച, വിഷം കഴിക്കുന്ന ചിത്രം അടക്കം ആല്‍ഫിയ ജിഷ്ണുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു.
ഛര്‍ദിയും ക്ഷീണവും മൂലം ഇതിനിടെ അല്‍ഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അല്‍ഫിയ സ്കൂളില്‍ പരീക്ഷ എഴുതി. അല്‍ഫിയ വിഷം കഴിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞത് നാലാം ദിവസം ഫോണ്‍ പരിശോധിച്ചപ്പോഴാണ്. വൈകാതെ മരണം സംഭവിച്ചു. പിതാവ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.