ഒരുമിച്ച് നടന്നുവന്നു, ഇടയ്ക്ക് വഴക്കിട്ടു, പെട്ടെന്ന് നിലത്തുപിടിച്ചുകിടത്തി, പിന്നെ കണ്ടത് ചോര ചീറ്റുന്നത്; കാമ്പസിലെ ക്രൂരത വിവരിച്ച് ദൃക്സാക്ഷികള്‍
പാലാ: സെന്റ് തോമസ് കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയായ സെക്യുരിറ്റി ജീവനക്കാരന്. പരീക്ഷ കഴിഞ്ഞ് ഒരുമിച്ച് നടന്നുവരുന്ന കുട്ടികളെ കണ്ടിരുന്നു. ഇടയ്ക്ക് അവര്‍ വഴക്കിട്ട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നതു കണ്ടു. പിടിച്ചുതള്ളുന്നതും കണ്ടു. പെട്ടെന്നാണ് പ്രതിയായ അഭിഷേക് പെണ്‍കുട്ടിയെ പിടിച്ച് നിലത്ത് ചേര്‍ത്ത് കിടത്തിയത്. താന്‍ ഓടിയെത്തുമ്പോള്‍ ചോരചീറ്റുന്നതാണ് കണ്ടത്. അവന്റെ കയ്യില്‍ ആക്സോ ബ്ലേഡ് പോലെയുള്ള കത്തി കണ്ടു.
ഇവര്‍ വഴക്കിടുന്നത് കണ്ടും പെണ്‍കുട്ടിയുടെ കരച്ചില് കേട്ടും ഏതാനും കുട്ടികള്‍ അവിടേക്ക് ഓടിയെത്തി. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ കൂട്ടംകൂടുന്നതില്‍ നിന്ന് ഇവരെ മാറ്റുന്നതിനു വേണ്ടിയാണ് താന്‍ അവിടേക്ക് വന്നത്.
‘ചേട്ടാ, അവനെ വിടരുത്, അവളെ കുത്തിയെന്ന് പറയുന്നതു കേട്ടു.’ ആക്രമണത്തിനു ശേഷം അവന് അടുത്തുള്ള കൂസലില്ലാതെ കയ്യാലയില്‍ കയറിയിരിക്കുകയായിരുന്നുവെന്നും സെക്യൂരിറ്റി ജീവനക്കാരന് പറയുന്നു. താന്‍ ഉടന്‍തന്നെ പ്രിന്‍സിപ്പലിനെ വിളിച്ച് അറിയിച്ചു. ഇടയ്ക്ക് പെണ്‍കുട്ടി ഒന്ന് അനങ്ങി. ഉടനെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
കോളജിലെ ഫുഡ് പ്രോസസിംഗ് ടെക്നോളജി കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. രണ്ടു വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനാല്‍ ഇവരുടെ സ്വഭാവത്തെ കുറിച്ച് അറിയില്ലെന്ന് കോളജ് അധികൃതര്‍ പറയുന്നു. മുന്‍പ് ഇവരെ കുറിച്ച് ഒരു പരാതിയുമില്ല. ഇവരുടെ കോഴ്സ്ല് കഴിഞ്ഞതാണ്. പരീക്ഷ എഴുതാനാണ് എത്തിയതെന്നും അധികൃതര്‍ പറയുന്നു.
പ്രിന്‍സിപ്പല്‍ അറിയിച്ചതോടെയാണ് തങ്ങള്‍ ഓടിയെത്തിയതെന്ന് കോളജിലെ മറ്റൊരു ജീവനക്കാരന് പറയുന്നു. ഓടിയെത്തുമ്പോള്‍ പെണ്‍കുട്ടി മാവിന്റെ ചുവട്ടില്‍ കമഴ്ന്നുകിടക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്. ലാബിലും മറ്റും ഉപയോഗിക്കുന്ന ഒരു ബ്ലേഡ് ആണ് അവിടെ കിടക്കുന്നത് പ്രതിയുടെ കയ്യിലും ചെറിയ മുറിവുണ്ട്. നെറ്റിയിലും ചോരപ്പാട് കണ്ടു. പരീക്ഷ കഴിഞ്ഞ മറ്റു കുട്ടികള്‍ എത്തുന്നതിനു മുന്‍പ് പ്രതി സ്ഥലത്ത് എത്തിയിരുന്നു. കൃത്യത്തിനു ശേഷം പ്രതി മാറിയിരുന്നു വിശ്രമിച്ചു. കൈ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പോലീസ് വന്നപ്പോള്‍ അവന് നേരെ വണ്ടിയില്‍ കയറിയിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞതായി ഡോക്ടര്‍ അറിയിച്ചതായും ജീവനക്കാര്‍ പറഞ്ഞു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും തലയോലപ്പറമ്പ് സ്വദേശിനിയുമായ നിഥിന മോള് (22) ആണ് കൊല്ലപ്പെട്ടത്. കുത്താട്ടുകുളം സ്വദേശിയായ അഭിഷേക് ബൈജു (20) ആണ് കൊലപാതകം നടത്തിയത്.