വിഷം കഴിച്ചെന്ന് വാട്സ്ആപ് സന്ദേശം കിട്ടിയത് ആൺസുഹൃത്ത് രഹസ്യമാക്കിവച്ചു; 17കാരി നാലാംദിനം മരിച്ചു
തിരുവനന്തപുരം: സുഹൃത്തായ ആംബുലൻസ് ഡ്രൈവർക്ക് വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം വാട്സാപ് സന്ദേശം അയച്ച പ്ലസ് ടു വിദ്യാർഥിനി നാലു ദിവസത്തിനു ശേഷം മരിച്ചു. മുളമന വി ആൻഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനി, കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മൻസിലിൽ എ.ഷാജഹാൻ–സബീനബീവി ദമ്പതികളുടെ മകൾ അൽഫിയ(17) ആണ് മരിച്ചത്
നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോഴാണ് വിഷം കഴിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞത്.
വൈകാതെ മരണം സംഭവിച്ചു.
കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോൾ പരിചയത്തിലായ ആംബുലൻസ് ഡ്രൈവറായിരുന്ന യുവാവിന് വിഷം കഴിക്കുന്ന ചിത്രം അടക്കം ആൽഫിയ ഞായറാഴ്ചയാണ് വാട്സാപ് സന്ദേശം അയച്ചത്. സന്ദേശം അന്നുതന്നെ കണ്ട സുഹൃത്ത് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല. ഛർദിയും ക്ഷീണവും മൂലം ഇതിനിടെ അൽഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി.
അവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അൽഫിയ സ്കൂളിൽ പരീക്ഷ എഴുതുകയും ചെയ്തു.
ബുധനാഴ്ച അവശനിലയിൽ ആറ്റിങ്ങൽ വലിയകുന്ന് ഗവ.ആശുപത്രിയിലെത്തിച്ചപ്പോഴാണ് അടിയന്തരമായി മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിച്ചത്. അവിടെ എത്തി അൽഫിയയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പഴയ വാട്സാപ് സന്ദേശം കാണുന്നതും മകൾ വിഷം കഴിച്ച വിവരം രക്ഷിതാക്കൾ അറിയുന്നതും. പക്ഷേ പുലർച്ചെ രണ്ടുമണിയോടെ അൽഫിയ മരിച്ചു.