ബന്ധുനിയമന വിവാദത്തില്‍ ജലീലിന് വീണ്ടും തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല
ന്യൂഡല്‍ഹി:ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ.ടി ജലീല്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ലോകായുക്ത ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി. ലോകായുക്താ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വിവാദ നിയമനം അപേക്ഷ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്ന് കേസ് തള്ളാൻ തീരുമാനിച്ചതോടെ എന്നാൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെടി ജലീലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.
ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് കോടതി പറഞ്ഞു. ബന്ധു അല്ലായിരുന്നു എങ്കിൽ വാദങ്ങൾ പരിശോധിക്കാമായിരുന്നെന്നും ലോകായുക്ത കണ്ടെത്തൽ ശരിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജലീലിന്റെ ബന്ധു കെ.ടി അദീബിനെ ജനറൽ മാനേജറായി നിയമിച്ചത് തെറ്റാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ ജലീലിന് അർഹത ഇല്ലെന്നുമായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ഇത് ചോദ്യം ചെയ്ത് ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. ഈ നടപടിക്കെതിരെയാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് ലോകായുക്ത തീരുമാനമെടുത്തതെന്നായിരുന്നു ജലീലിന്റെ ആരോപണം.