ശൈശവ വിവാഹം തടയാന്‍ പുതിയ പദ്ധതി ‘പൊന്‍വാക്ക്’;ശൈശവ വിവാഹം പൊന്‍വാക്കിലൂടെ
അറിയിച്ചാല്‍ പരിതോഷികവും
കൊച്ചി: ശൈശവ വിവാഹത്തിനെതിരെയുള്ള നിങ്ങളുടെ വാക്കുകള്‍ വെറും വാക്കുകളല്ല. ഇനി അവ പൊന്‍വാക്കായി മാറും. പറയുന്നവര്‍ക്ക് പാരിതോഷികവും ലഭിക്കും.ശൈശവവിവാഹം തടയുന്നതിന് വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് പൊന്‍വാക്ക്.
ശൈശവ വിവാഹം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊന്‍വാക്കിലൂടെ അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം നല്‍കും. നടപ്പുവര്‍ഷത്തില്‍ തന്നെ പദ്ധതി നടപ്പാക്കുന്നതിനുള്ള തുകയാണ് ജില്ലാ ഓഫീസര്‍മാര്‍ക്ക് അനുവദിച്ചത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശവും ഉദ്യോഗസ്ഥര്‍ക്കു നല്കി.
പൊതുജന പങ്കാളിത്തത്തോടെ ശൈശവവിവാഹം തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിവരം നല്കുന്ന വ്യക്തിക്ക് പാരിതോഷികം നല്കുന്ന പദ്ധതി ആവിഷ്ക്കരിച്ചത്.
സംസ്ഥാനത്തെ 258 ശൈശവ വിവാഹ നിരോധന ഓഫീസര്‍മാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വ്യക്തമായ വിവരങ്ങള്‍ സഹിതം മുന്‍കൂട്ടി അറിയിക്കണമെന്നതാണ് വ്യവസ്ഥ. വിവരം സത്യമാണെങ്കില്‍ പാരിതോഷികം ലഭിക്കും.
വിവാഹം കഴിഞ്ഞാണ് അറിയിക്കുന്നതെങ്കില്‍ പാരിതോഷികമുണ്ടാവില്ല. സംഭവമറിഞ്ഞാല്‍ വിവരദാതാവിന്റെ പേരുവിവരം വെളിപ്പെടുത്താതെ ശൈശവ വിവാഹ നിരോധന ഓഫീസര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വിവരം കൈമാറണം. തുടര്‍ന്ന് നടപടി സ്വീകരിക്കും.
വിവരദാതാവിനുള്ള പാരിതോഷികത്തുക രഹസ്യ സ്വഭാവത്തോടെ നല്‍കും.തുക കൈപ്പറ്റിയെന്നതിനുള്ള രസീതിനു പകരം ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കേറ്റ് രേഖപ്പെടുത്തി ഫയലില്‍ സൂക്ഷിക്കും. സര്‍ട്ടിഫിക്കറ്റില്‍ വിവരദാതാവിനെ തിരിച്ചറിയുന്ന ഒരു വിവരവും ഉണ്ടാവില്ല.
ശൈശവ വിവാഹത്തെക്കുറിച്ച് ഒന്നിലധികം പേര് അറിയിച്ചാല്‍ ആദ്യം വിവരമറിയിച്ച വ്യക്തിക്കാണ് പാരിതോഷികം. ബാക്കിയുള്ളവരെ വിവരം ധരിപ്പിക്കും. വിവരം സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക ഇ-മെയില്‍ ഉണ്ടായിരിക്കും. പാസ്വേര്ഡ് ജില്ലാ ഓഫീസര്‍മാര്‍ രഹസ്യമായി സൂക്ഷിക്കും. ഇ-മെയില്‍ ഐ.ഡി, ഫോണ്‍ നമ്ബര്‍ മുതലയാവ എല്ലാ അങ്കണവാടികളിലും പ്രദര്‍ശിപ്പിക്കും.
വിവരം ഉറപ്പുവരുത്തി 10 ദിവസത്തിനകമാണ് തുക വിവരദാതാവിനു കൈമാറേണ്ടത്. എല്ലാ ശൈശവ വിവാഹ നിരോധന ഓഫീസര്‍മാരും പൊന്‍വാക്കിനെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും അറിയിപ്പു നല്‍കുന്നതിനും പ്രചാരണം നടത്തുന്നതിനും വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ശൈശവ വിവാഹം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി ആരംഭിച്ചത്. പലരും ഇത്തരം നിയമലംഘനങ്ങള്‍ നടന്നാല്‍ പോലും പുറത്തു പറയാറില്ല. അതുകൊണ്ടാണ് പാരിദോഷികവും ഏര്‍പ്പെടുത്തിയത്. പദ്ധതി എല്ലാരിലേക്കും എത്തിക്കാനാണ് ശ്രമം.