മിണ്ടാപ്രാണികളോട് കൊടും ക്രൂരത ; കുരങ്ങുകള്‍ക്ക് വിഷം നല്കി , ക്രൂരമായി മര്‍ദ്ദിച്ച് ജീവനോടെ
ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു
കര്‍ണാടക : കർണാടകയിലെ കോലാർ വനപാതയ്ക്ക് സമീപം 20 ലേറെ കുരങ്ങുകളെ വിഷം കലർത്തി കൊന്ന് ചാക്കുകളിലാക്കി റോഡരികിൽ ഉപേക്ഷിച്ചു. . ബേലൂർ താലൂക്കിലെ ചൗദനഹള്ളി ഗ്രാമത്തിലാണ് സംഭവം . കുരങ്ങുകളെ വിഷം കൊടുത്ത ശേഷം ക്രൂരമായി മർദ്ദിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.പ്രദേശത്ത് നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തിയ പ്രദേശവാസികൾ വഴിയരികിൽ കിടന്ന ചാക്കുകൾ കണ്ടെത്തി . തുടർന്ന് പ്രദേശവാസികളായ യുവാക്കൾ ചാക്കുകൾ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിഷം നൽകിയെങ്കിലും ജീവനോടെ തന്നെ ചാക്കുകളിലാക്കിയതിനെ തുടർന്ന് ചില കുരങ്ങുകൾ ശ്വാസം മുട്ടുകയും അനങ്ങാൻ കഴിയാതെ ചാക്കുകളിൽപ്പെട്ട് പിടയുകയും ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു.
വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കുരങ്ങുകളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ. സംഭവത്തിൽ കർണാടക ഹൈക്കോടതിയും ഇടപെട്ടിട്ടുണ്ട് . ജില്ലാ ഭരണകൂടം, വനം വകുപ്പ്, മൃഗസംരക്ഷണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കി കേസിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു.
ഈ വർഷം ജൂലൈയിൽ ഹസ്സൻ ജില്ലയിലെ ഒരു ഗ്രാമത്തിലും 30 കുരങ്ങുകളെ ചത്തനിലയിൽ കണ്ടെത്തി. മറ്റ് 20 കുരങ്ങുകൾക്ക് പരിക്കേറ്റതായും കണ്ടെത്തിയിരുന്നു.