ഹൈക്കമാൻഡിന് മുന്നില്‍ സിദ്ദു വഴങ്ങി ; മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്വീറ്റ്
ദില്ലി: നവ്ജോത് സിംഗ് സിദ്ദു ഹൈക്കമാൻഡിന് വഴങ്ങുന്നെന്ന് സൂചന. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സിദ്ദു ട്വീറ്റ് ചെയ്തു. വൈകീട്ട് മൂന്ന് മണിക്ക് പിസിസി ഓഫീസില്‍ എത്തുമെന്നും പഞ്ചാബ് മുഖ്യമന്ത്രിയെ കാണുമെന്നുമാണ് സുദ്ദു അറിയിച്ചിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിക്ക് മുമ്പ് രാജി പിൻവലിക്കണമെന്നായിരുന്നു ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നത്.
പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച നവ്ജ്യോത് സിംഗ് സിദ്ദുവിനെ മുന്നിൽ നിറുത്തി പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. പുതിയ നേതാവിനെക്കുറിച്ചുള്ള ആലോചന നടക്കുന്നു എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കിയത്. ഏറെ താമസിയാതെ പഞ്ചാബ് കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഉണ്ടാകുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. നേതൃത്വത്തോട് ഇടഞ്ഞ് രാജിവച്ച നവ്ജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാൻ ആദ്യഘട്ടത്തിൽ കോൺഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.
അനുനയ ചർച്ചയുമായി കോൺഗ്രസ് ഹൈക്കമാൻറ് എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡിഗഢിലേക്ക് അയക്കാൻ തീരമാനിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. സിദ്ദുവിന്റെ നിലപാടിനൊപ്പമല്ല പാർട്ടി എന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഹൈക്കമാണ്ടിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടാകുന്നത്. ഇതിനിടെയാണ് രാജി പിൻവലിക്കാൻ സിദ്ദുവിന് സമയ പരിധി നൽകിയത്.