വിദ്യാർഥിയെ കടലിൽ കാണാതായി; രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ അപകടത്തിൽപെട്ടു
വിഴിഞ്ഞം: പൂവാർ പൊഴിക്കരയിൽ കുളിക്കാനിറങ്ങിയ ഏഴംഗസംഘത്തിൽ മുങ്ങിത്താണ വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് സുഹുത്തുക്കളും അപകടത്തിൽപെട്ടു. ഒഴുക്കിൽപെട്ട് അവശരായ രണ്ടുപേരെ മത്സ്യത്തൊഴിലാളികളായ യുവാക്കൾ സഹസികമായി രക്ഷപ്പെടുത്തി. ഒരാളെ തിരച്ചുഴിയിൽ കാണാതായി. പൂവാർ ഇ.എം.എസ് കോളനി തെക്കെത്തെരുവിൽ സെയ്ദലവിയുടെ മകൻ മൊയ്നുദീനെയാണ് (17) കാണാതായത്. സുഹൃത്തുക്കളായ ഇ.എം.എസ് കോളനി സ്വദേശികളായ അബ്സൽ (17), ഷാഹിദ് (17) എന്നിവർ തലനാരിഴക്ക് രക്ഷപ്പെട്ടു.
ബുധനാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പൊഴിക്കരയിലെ മണൽപ്പരപ്പിൽ ഫുട്ബാൾ കളിക്കാനെത്തി ഏഴംഗസംഘം കളി കഴിഞ്ഞ് നെയ്യാർ കടലിൽ സംഗമിക്കുന്ന പൊഴിക്കരയിൽ കുളിക്കാനിറങ്ങി നീന്തിയതാണ് അപകടത്തിന് വഴിതെളിച്ചത്. പൊഴി മുറിഞ്ഞുകിടന്നതിനാൽ കടലിലേക്കുള്ള ഒഴുക്കിെൻറ ശക്തിയറിയാതെ നീന്തിത്തളർന്ന് മുങ്ങിത്താണ അബ്സലിനെ രക്ഷിക്കാൻ ശ്രമിച്ച ഷാഹിദും മൊയ്നുദീനും ഒഴുക്കിൽപെട്ടു. അപകടം മനസ്സിലായതോടെ തീരത്ത് കളിക്കുകയായിരുന്ന പൊഴിയൂർ പരുത്തിയൂർ സ്വദേശികളായ വിപിനും ഡാനുവും കടലിലേക്ക് എടുത്തുചാടി. മുങ്ങിത്താണു കൊണ്ടിരുന്ന രണ്ടുപേരെ യുവാക്കൾ രക്ഷപ്പെടുത്തുന്നതിനിടയിൽ മെയ്നുദീൻ ആഴങ്ങളിലേക്ക് താഴ്ന്നുപോയി. പാറശ്ശാല ചെറുവാരക്കോണം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. വിവരമറിഞ്ഞ് വിഴിഞ്ഞത്തുനിന്ന് മറൈൻ എൻഫോഴ്സുമെൻറും പൂവാർ തീരദേശ പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.