അമരീന്ദര്‍ സിങ്കോണ്ഗ്രസ് വിടുന്നു: ബിജെപിയിലേക്കില്ല, പുതിയ പാര്‍ട്ടി ഉണ്ടാക്കും
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് കോൺഗ്രസ് വിടുന്നു. അപമാനം സഹിച്ച് കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്ന് അമരീന്ദർ പറഞ്ഞു. അതേസമയം, ബിജെപി പ്രവേശനം അദ്ദേഹം തള്ളി. പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ അമരീന്ദർ സിംഗ് തള്ളുകയായിരുന്നു. കർഷക പ്രശ്നം ചർച്ച ചെയ്യാനായിരുന്നു സന്ദർശനമെന്നാണ് വിശദീകരണം.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്തായതിനു ശേഷം കോൺഗ്രസുമായി അകൽച്ചയിലാണ് ക്യാപ്റ്റൻ. തീവ്ര ദേശിയതയിലൂന്നിയ വിമർശനങ്ങളാണ് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരേ അമരീന്ദർ രൂക്ഷഭാഷയിൽ പ്രതികരിച്ചിരുന്നു.
അപമാനിതനായി മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന അമരീന്ദർ ഒരു തരത്തിലുള്ള അനുനയത്തിനും വഴങ്ങാൻ ഇതുവരെ സന്നദ്ധമായിരുന്നില്ല. കോണ്‍ഗ്രസിൽ മൂന്നു തവണ താൻ അപമാനിക്കപ്പെട്ടുവെന്ന് അമരീന്ദർ തുറന്നടിച്ചിരുന്നു.